ആവേശമാകാൻ സ്കൂൾ വിപണി
1425234
Monday, May 27, 2024 1:36 AM IST
കണ്ണൂര്‍: സ്കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സ്കൂൾ വിപണി സജീവമായി. നോട്ട്ബുക്ക്, ബാഗ്, കുട, ചെരിപ്പ്, പെന്‍സില്‍, പേന തുടങ്ങി എല്ലാ സാധനങ്ങളും കടകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ചെറിയ കുട്ടികളെ ആകര്‍ഷിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മുതല്‍ കൊറിയന്‍ സംഗീതട്രൂപ്പായ ബിടിഎസിന്റെ ചിത്രങ്ങള്‍ പതിച്ച ബാഗുകള്‍വരെ വിപണിയിലുണ്ട്. കീശ കീറാതെ ഷോപ്പിംഗ് നടത്തണമെന്ന് രക്ഷിതാക്കള്‍ വിചാരിക്കുമ്പോള്‍ കുട്ടികള്‍ക്ക് പോകുന്നത് ട്രെന്‍ഡിനൊപ്പമാണ്. ഇത്തരം സാധനങ്ങള്‍ക്ക് വിലയും കൂടുതലാണ്.
ഇത്തവണ വിവിധ ഉത്പന്നങ്ങള്‍ക്ക് 15 മുതൽ 20 ശതമാനംവരെ വില ഉയര്‍ന്നിട്ടുണ്ട്. ബാഗ് ബ്രാന്‍ഡ് അനുസരിച്ച് ശരാശരി 500 രൂപ മുതല്‍ 2,500 രൂപ വരെയാണ് വില. ആനിമേഷന്‍ ചിത്രമുള്ള ത്രീഡി ബാഗുകള്‍ക്ക് 850 രൂപക്ക് മുകളിലാണ് വില. ട്രോളി സ്കൂള്‍ ബാഗുകള്‍ക്കും ഇത്തവണ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. കമ്പനി ബാഗുകള്‍ക്ക് 10 മുതല്‍ 40 ശതമാനം കുറവ് എന്ന ഓഫറുകളൊക്കെ വലിയ വ്യാപാര സഥാപനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കടകളിൽ നേരിയ തോതിൽ തിരക്ക് വന്ന് തുടങ്ങിയെന്നും വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികൾ പറഞ്ഞു.
കുടകൾക്കും ആവശ്യക്കാർ ഏറെ
വേനലിൽ കുടയില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നതോടെ ഇത്തവണ കുടവിപണി നേരത്തെ സജീവമായിരുന്നു. വേനൽ മഴ പെയ്തതോടെ കുടകൾക്ക് ആവശ്യക്കാർ കൂടി. കടകളില്‍ പുതിയ സ്റ്റോക്ക് വരുന്നതിന് മുമ്പ് തന്നെ കുട വാങ്ങാന്‍ ആവശ്യക്കാരെത്തിയെന്ന് വ്യാപാരികള്‍ പറഞ്ഞു. 250 രൂപ മുതലുള്ള കുടകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ത്രീഫോള്‍ഡ് കുടകളുടെ വിവിധ മോഡലുകള്‍ വന്‍കിട കമ്പനികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. മൂന്ന്, അഞ്ച് ഫോള്‍ഡുകളുള്ള കുടകള്‍ക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലന്‍കുടകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
കൊച്ചുകുട്ടികളെ ആകര്‍ഷിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ഡിസൈനുകളിലുള്ള ബ്രാന്‍ഡഡ് കുടകള്‍ക്ക് 350 രൂപ മുതലാണ് വില. കഴിഞ്ഞവര്‍ഷം വില വര്‍ധിച്ചതല്ലാതെ ഈവര്‍ഷം കുടയ്ക്ക് വില വര്‍ധിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതുപോലെ വിവിധ തരത്തിലും
വലിപ്പത്തിലുമുള്ള റെയിൻ കോട്ടുകളും വിപണിയില്‍ ഇടംപിടിച്ച് കഴിഞ്ഞു.
വിലക്കുറവിൽ ത്രിവേണി സ്കൂൾ മാർക്കറ്റുകൾ
താരതമ്യേന വിലക്കുറവുള്ള ഉത്പന്നങ്ങളുമായി ത്രിവേണി സ്കൂള്‍ മാര്‍ക്കറ്റുകള്‍ കഴിഞ്ഞ എട്ടുമുതല്‍ ജില്ലയില്‍ ആരംഭിച്ചിരുന്നു. മാര്‍ക്കറ്റ് വിലയില്‍ നിന്നും 40 ശതമാനം വിലക്കുറവില്‍ ഇവിടെ ബാഗ്, കുട, നോട്ട്ബുക്കുകള്‍, പേന തുടങ്ങിയവയെല്ലാം ലഭിക്കും. 45 ദിവസത്തെ വില്പന ലക്ഷ്യമിട്ടാണ് നേരത്തെ ത്രിവേണി സ്കൂള്‍ വിപണി ആരംഭിച്ചത്. ജില്ലയില്‍ ആറ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്.
ഇതിനോടെല്ലാം അനുബന്ധിച്ച് സ്കൂള്‍ മാര്‍ക്കറ്റുകളുണ്ട്. കൂടാതെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ മാര്‍ക്കറ്റ് റോഡിന് സമീപം പുതിയ ത്രിവേണി സ്കൂള്‍ മാര്‍ക്കറ്റും തുടങ്ങി.
അടുത്തദിവസം മുതല്‍ കളക്ടറേറ്റ് പരിസരത്ത് സഞ്ചരിക്കുന്ന സ്കൂള്‍ വിപണിയുമുണ്ടാകും. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ കൂടുതലാളുകളും ആശ്രയിക്കുന്നത് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളെയാണ്.