കടം വാങ്ങി; കട പോയി
1337752
Saturday, September 23, 2023 2:30 AM IST
ഇരിട്ടിക്കടുത്ത കുടിയേറ്റ ഗ്രാമത്തിൽ ഏതാനും വർഷങ്ങൾക്ക് മുന്പ് പലിശക്കാരുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ തകർന്നുപോയ ഒരു യുവ സംരംഭകൻ ഇപ്പോൾ തന്റെ കഥ പറയുന്നത് സർക്കാർ സർവീസിൽ ഇരുന്നുകൊണ്ടാണ്. പഠനം കഴിഞ്ഞതോടെ ജോലിയെക്കാൾ ഇഷ്ടം ബിസിനസായതുകൊണ്ട് വീട്ടിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച് തൊട്ടടുത്ത ടൗണിൽ സാമാന്യം നല്ല രീതിയിൽ സ്റ്റേഷനറി കട തുടങ്ങി. തുടക്കം ഗംഭീരം. നാട്ടിൽ അന്ന് അത്രയും നല്ലരീതിയിൽ ഒരു കടയും ഇല്ലെന്നുപറയാം. പുതിയ കട, നല്ല കച്ചവടം, പുതിയ സൗഹൃദങ്ങൾ.. കച്ചവടത്തെക്കുറിച്ചും കച്ചവടം വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും മാത്രമായിരുന്നു ചിന്ത.
മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും പുതിയ സാധനങ്ങൾ, പുതിയ മോഡൽ സാധനങ്ങൾ.... കടയിൽ ഒന്നിനും കുറവില്ലെങ്കിലും പഴയ കച്ചവടം കുറഞ്ഞതോടെ വാങ്ങിയ പല സാധങ്ങളും കെട്ടിക്കിടന്നു. സാധനങ്ങൾ നല്കിയ വിതരണക്കാർക്ക് കൃത്യമായി പണം നൽകാൻ കഴിയാതെയായി. ഒന്നും രണ്ടും ചിട്ടികൾ, ഡെയ്ലി കളക്ഷൻ, ബാങ്ക് ലോൺ, വാടക, കറണ്ട് ബിൽ...അങ്ങനെ ഒരുവിധത്തിലും പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് തൊട്ടടുത്ത് ടൈലറിംഗ് ഷോപ്പ് നടത്തുന്ന സുഹൃത്ത്
തിരുനെൽവേലിക്കാരൻ ശരവണൻ അണ്ണാച്ചിയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ സുഹൃത്തിന്റെ ശിപാർശയിൽ 10000 രൂപ പലിശക്ക് വാങ്ങി.അവിടെയാണ് തുടക്കം. നാലുമാസം കൊണ്ട് 12,000 അടച്ചുതീർക്കണം. ആവശ്യം വലുതായിരുന്നതുകൊണ്ട് ബുദ്ധിമുട്ട് തോന്നിയില്ല. ആകെ ബുദ്ധിമുട്ടിയത് അണ്ണാച്ചിയുടെ ചെറിയ കണക്ക്ബുക്ക് അപ്പനെ കാണാതെ ഒളിപ്പിച്ചുവയ്ക്കാൻ മാത്രമായിരുന്നു.ആഴ്ചയിൽ ഒരിക്കൽ അണ്ണാച്ചിയുടെ ഹീറോഹോണ്ട ബൈക്ക് കടയ്ക്കരികിൽ വന്നുനിൽക്കും. പണം വാങ്ങും അണ്ണാച്ചി പോകും. പലിശത്തുക പലപ്പോഴായി 50000 ത്തിലേക്ക് എത്തിയപ്പോൾ അണ്ണാച്ചി അല്പം കണിശക്കാരനായി.
പലിശക്കാരന്റെ മട്ടും ഭാവവും വെളിയിൽ എടുത്തുതുടങ്ങി. ഒരുതവണ മുടങ്ങിയാൽ മുഖം കറക്കും. പലപ്പോഴും അണ്ണാച്ചിവരുന്ന സമയം കൃത്യമായി അറിയാവുന്ന സുഹൃത്ത് കടയുടെ ഷട്ടർ പകുതി താഴ്ത്തി ഇരിട്ടിയിലേക്ക് നൂലും ക്യാൻവാസും വാങ്ങാൻ പോകും. തനിക്ക് പലിശയും മുതലും നല്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ ഒരുദിവസം ശരവണൻ അണ്ണാച്ചിതന്നെ ഒരു വഴി പറഞ്ഞുതന്നു. കോയമ്പത്തൂരിലെ ഫിനാൻസ് കമ്പനി വലിയ തുകകൾ ലോൺ തരും. കൃത്യമായി അടയ്ക്കണം. അല്ലെങ്കിൽ കട അവർ കൊണ്ടുപോകും. ശരവണൻ ഒരു നമ്പർ തന്നു. സാർ നിങ്ങൾ ഇന്ത നമ്പറിൽ ഒന്ന് സംസാരിച്ചുനോക്കൂ... "ആണാൽ തമ്പീ ഇവങ്കളെ പത്തി എനക്ക് മുന്നും പിന്നും തിരിയാത് ' കടക്കെണിയിൽ വീണവന് എന്ത് മുന്നറിയിപ്പ്.
സുഹൃത്തും ഞാനും കൂടി കോയമ്പത്തൂരിലെ ലക്ഷ്മി മില്ലിന് അടുത്തുള്ള ഓഫീസിൽ ചെന്നു കാര്യങ്ങൾ തിരക്കി. ലോൺ നൽകാൻ അവർക്ക് തടസങ്ങൾ ഒന്നുമില്ല. തിരക്കുള്ള ഓഫീസിൽ ആരൊക്കെയോ വരുന്നു. തമിഴിൽ സംസാരിക്കുന്നു ആകെപ്പാടെ വമ്പൻ സെറ്റപ്പ്. ആലോചിച്ചുപറയാൻ പറഞ്ഞു വെളിയിൽ ഇരുത്തി. നമുക്ക് എന്ത് ആലോചിക്കാൻ അത്യാവശ്യക്കാരന്റെ വയറുവേദന കോയമ്പത്തൂരുകാരൻ അണ്ണാച്ചിക്ക് എങ്ങനെ മനസിലാകാൻ. അണ്ണാച്ചി അയച്ച സംഘം കടയും മറ്റു വിവരണങ്ങളും സത്യമാണോ എന്നറിയാൻ എത്തി.
സുഹൃത്തിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ മറ്റ് കച്ചവടക്കാർ ആരും തന്നെ അറിയാതെ കാര്യങ്ങൾ നടന്നു. അവർ വന്നതിനും മറ്റുമുള്ള ചെലവ് പാർട്ടിയുടെ ഉത്തരവാദിത്വമായിരുന്നു. ഒരാഴ്ച കഴിഞ്ഞു മറ്റു വിവരങ്ങൾ ഒന്നുമില്ല ഓഫീസിലേക്ക് വിളിച്ചാൽ സാറില്ല ഒരാഴ്ചകൂടി കഴിയും എന്ന വിവരം ലഭിച്ചു. ഒരാഴ്ചക്ക് മുന്പ് വിളിവന്നു "സാർ ഉങ്ക ലോൺ ഓക്കേ.. ആണാൽ 10 ലക്ഷം രൂപയുടെ അഞ്ചു ശതമാനം പ്രോസസിംഗ് ഫീസ് കെട്ടിയാൽ മാത്രമേ ലോൺ കിട്ടുകയുള്ളൂ. എന്തുചെയ്യും ഒരു പോംവഴിയുമില്ല. നാട്ടിലെ ബ്ലേഡ് പലിശക്കാരന് കട ഈടുവച്ച് പണം വാങ്ങി കോയമ്പത്തൂരെ ഓഫീസിൽ എത്തിച്ചു.
പണം രണ്ടു ദിവസത്തിനകം ബാങ്ക് അക്കൗണ്ടിൽ വരുമെന്ന ഉറപ്പിൽ നാട്ടിലെത്തി ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും പണമില്ല, വിളിച്ചാൽ ഫോൺ എടുക്കുന്നില്ല ശരവണൻ പലതവണ വിളിച്ചു. ഒരു രക്ഷയുമില്ല. എന്തുചെയ്യും.? ആരുമറിയാതെ കുറച്ചുപേരുമായി കോയമ്പത്തൂർ വരെ പോയി. ഓഫീസ് പോയിട്ട് പരിസരത്തുപോലും അടുക്കാൻ അവർ സമ്മതിച്ചില്ല. ഒരുവിധം തടികേടാകാതെ തിരിച്ചു നാട്ടിലെത്തി. അപ്പോഴേക്കും സംഭവങ്ങൾ പലതും കൈവിട്ടുപോയിരുന്നു. ഭാര്യയുടെ സ്വർണമടക്കം പലതും പണയത്തിലായി. നാട്ടിലെ പലിശക്കാരൻ നിശ്ചയിച്ച ഏഴുലക്ഷം രൂപക്ക് കട കച്ചവടമാക്കി എന്നിട്ടും കടം. എങ്കിലും, പിഎസ്സി അവനെ ചതിച്ചില്ല. സർക്കാർ സർവീസിൽ നിന്നും ലഭിക്കുന്ന ശന്പളം കൊണ്ട് കടം വീട്ടി ജീവിതത്തിലേക്ക് തിരികെ നടക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.
അന്യസംസ്ഥാന
പലിശ സംഘം
വളരെ മാന്യമായി ജനങ്ങളോട് ഇടപഴകുന്ന ഇവർ ജനത്തിന്റെ ആവശ്യമറിഞ്ഞു പ്രവർത്തിക്കുകയും നമ്മുടെ ആവശ്യം അവരുടെ ലാഭമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പലിശസംഘങ്ങൾ അധികവും ഇടനിലക്കാരാണ്. അവരുടെ നാട്ടിലെ പല സംഘങ്ങളിൽനിന്നും കുറഞ്ഞ പലിശയ്ക്ക് പണം വാങ്ങി വലിയ ലാഭത്തിൽ നടത്തുന്നവരാണ് സംഘങ്ങളിൽ അധികവും. കൂടുതലും കച്ചവട സ്ഥാപനങ്ങൾക്കാണ് ഇവർ പണം കടം നൽകുക.
സ്ത്രീകളുടെ പരസ്പര സഹായ സംഘങ്ങളിൽ കടന്നുകൂടി ചെറിയ തുകകൾ ലോൺ നൽകുന്ന സംഘങ്ങളും സുലഭമാണ്. പതിനായിരം രൂപ ഇവരിൽനിന്നും കടം വാങ്ങിയാൽ നാലുമാസം കൊണ്ട് 12,000 രൂപ തിരികെ നൽകണം എന്നാണ് വ്യവസ്ഥ. നാല് എന്നത് അഞ്ചു മാസംവരെ ഫ്ലെക്സിബിൾ ആയതുകൊണ്ടുതന്നെ ഇത്തരം സമാന്തര ബാങ്കിംഗ് സംവിധാനം മലയോരത്ത് സജീവമാണ്.
ആഴ്ചയിൽ ഒരിക്കൽ കളക്ഷന് എത്തുന്ന സംഘം പലിശ കിട്ടിയില്ലെങ്കിൽ വീണ്ടും പണം കടമായി നല്കും. അടിയന്തര ഘട്ടത്തിൽ ലഭിക്കുന്ന സഹായം എന്നതിലുപരി അതിന്റെ ഭീകരത ആരും അറിയുന്നില്ല. തൊഴിലുറപ്പ് പോലുള്ള ജോലികളിൽനിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം പലപ്പോഴും ഇത്തരം സംഘങ്ങളുടെ പലിശ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഇത്തരം പലിശ സംഘങ്ങൾക്ക് കൂടുതൽ ഇഷ്ടം ചെറുകിട കച്ചവടക്കാരെയാണ്. കാര്യമായ കച്ചവടം ഒന്നുമില്ലാത്ത കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അത്യാവശ്യ തിരിമറികൾക്ക് അത്യാവശ്യഘട്ടത്തിൽ ഉപകാരപ്പെടുന്നതുകൊണ്ടും ഇവരെ ആരും തള്ളിപ്പറയില്ല. വീണ്ടും തുക ലഭിക്കേണ്ടതുകൊണ്ട് കൃത്യമായി തിരിച്ചടവിലും ഇവർ കൃത്യമായിരിക്കുന്നതുകൊണ്ട് ഒന്നോ രണ്ടോ അടവുകൾ മുടങ്ങിയാലും യാതൊരു മുഷിച്ചിലും ഇല്ലാതെയാണ് ഇവർ കസ്റ്റമറിനോട് ഇടപെടുന്നത്.
വലിയ തുക വാഗ്ദാനം
നൽകി വലിയ തട്ടിപ്പുകൾ
സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കച്ചവടക്കാർക്ക് വലിയൊരു തുക നൽകാമെന്ന് ഉറപ്പുനൽകി പ്രലോഭിപ്പിച്ചു പണം തട്ടുന്ന വൻകിട തട്ടിപ്പുസംഘവും ആരും അറിയാതെ തട്ടിപ്പുകൾ നടത്തുന്നുണ്ട്. നാണക്കേട് കാരണം പലരും വെളിയിൽ പറയാത്ത സഹചര്യമാണ്. ലോൺ പ്രോസസിംഗ് ഇനത്തിൽ നല്ലൊരു തുക വ്യാപാരികളിൽനിന്നും വാങ്ങിയശേഷം ഇവർ മുങ്ങുകയാണ് പതിവ്.
ലോൺ തുകയുടെ അഞ്ചുമുതൽ 10 ശതമാനം വരെ ആവശ്യക്കാരന്റെ സാഹചര്യമനുസരിച്ചു കൈക്കലാക്കുന്ന സംഘം അതുവരെ ലഭ്യമായ ഫോൺ നമ്പറടക്കം പ്രവർത്തന രഹിതമാക്കി നാടുവിടും. കൂടുതലായും കോയമ്പത്തൂർ കേന്ദ്രീകരിച്ച സംഘങ്ങൾ കേരളത്തിലെ വിവിധ ടൗണുകളിൽ ഇത്തരം തട്ടിപ്പുകൾ പല രൂപത്തിലും നടത്തുന്നു. പ്രതികളെ പിടികൂടാൻ യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് ഇവരുടെ പ്രവർത്തനങ്ങൾ.
(തുടരും)