‘ഭവന നിർമാണത്തിന് രാജ്യത്ത് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളം’
1601639
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ: ഇന്ത്യയിൽ ഭവന നിർമാണ പദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന സദസ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നയങ്ങളുടെയും പദ്ധതികളുടെയും തുടർച്ചയുടെ ഉദാഹരണമാണ് ലൈഫ് ഭവന പദ്ധതി.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 4,64,304 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 1,33,595 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 19,000 കോടി രൂപ ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. നവംബർ ഒന്നിന് രാജ്യത്തിന് തന്നെ മാതൃകയായി അതിദാരിദ്യ്ര വിമുക്ത പ്രഖ്യാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ ചേരികൾ കാണാതിരിക്കാൻ കെട്ടി മറയ്ക്കുന്പോൾ കേരളത്തിൽ ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്ളാറ്റ് സമുച്ചയങ്ങൾ കെട്ടി ഉയർത്തുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത്, നഗരസഭ, കോർപറേഷനുകളുടെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 70,000 കോടി രൂപ നൽകിയിട്ടുണ്ട്. സംസ്ഥാനം ആർജിച്ച സർവതലസ്പർശിയായ നേട്ടങ്ങളും വികസന മുന്നേറ്റങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും നാടിന്റെ ഇനിയുള്ള വികസനഗതി തീരുമാനിക്കുന്നതിന് ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുമാണ് വികസന സദസിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽ രാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി. കല്യാണി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സീനത്ത് വൈശ്യൻ, ഇ.കെ. സൽമത്ത്, സി.എം. അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.സി. ചന്ദ്രകാന്ത്, അസിസ്റ്റന്റ് സെക്രട്ടറി സി. കുമാരൻ, ജില്ലാ ആസൂത്രണ സമിതി അംഗം എ.എൻ. പ്രഭാകരൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ, യുവജന കമ്മീഷൻ അംഗം കെ. റഫീഖ്, കുടുംബശ്രീ ചെയർപേഴ്സണ് സജ്ന, എസ്സി-എസ്ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേനാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.