സംസ്ഥാന മേളയിൽ അഭിനവ് ആധുനിക പോളിൽ മത്സരിക്കും
1601260
Monday, October 20, 2025 5:08 AM IST
കൽപ്പറ്റ: വയനാട് ജില്ലാ സ്കൂൾ കായികമേളയിൽ മുള ഉപയോഗിച്ച് പോൾവോൾട്ട് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ ആധുനിക പോളിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് ആധുനിക പോൾ ലഭ്യമാക്കുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
ജൂണിയർ ആണ്‍കുട്ടികളുടെ പോൾവോൾട്ടിലാണ് മാനന്തവാടി ഗവ. വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അഭിനവ് സ്വർണം നേടിയത്. സ്കൂൾ പരിസരത്തുനിന്നു വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്റർ ഉയരത്തിൽ ചാടിയാണ് അഭിനവ് സംസ്ഥാനതല മത്സരത്തിനു യോഗ്യത നേടിയത്.
2024ൽ സംസ്ഥാന സ്കൂൾ കായികമേളയിൽ പോൾവോൾട്ടിൽ 2.20 മീറ്റർ ഉയരത്തിൽ ചാടിയ അഭിനവ് നാലാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണി-ഉഷ ദന്പതികളുടെ മകനാണ് അഭിനവ്. കായികധ്യാപകൻ മൊതക്കര കെ.വി സജിയാണ് പരിശീലകൻ.