സ്റ്റുഡന്റ്സ് കൗണ്‍സിൽ-2025 ശ്രദ്ധേയമായി
1601287
Monday, October 20, 2025 5:56 AM IST
സുൽത്താൻ ബത്തേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് ആശയരൂപീകരണം നടത്തുന്നതിന് സംഘടിപ്പിച്ച "സ്റ്റുഡന്റ്സ് കൗണ്‍സിൽ- 2025’ ശ്രദ്ധേയമായി.
വിദ്യാർഥികളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ഇപ്പോഴത്തെ അവസ്ഥ, അടുത്ത 10 വർഷത്തിനിടെ കൈവരിക്കേണ്ട നേട്ടങ്ങൾ, അക്കാദമിക-ഭൗതിക പദ്ധതികൾ എന്നിവ വിദ്യാർഥികൾ നഗരസഭാ ഭരണസമിതി മുന്‍പാകെ അവതരിപ്പിച്ചു.
എൽപി വിഭാഗത്തിൽ ഏഴും യുപി വിഭാഗത്തിൽ ആറും ഹൈസ്കൂൾ വിഭാഗത്തിൽ ഏഴും ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് നാലും പ്രോജക്ടുകൾ കൗണ്‍സിലിൽ അവതരിപ്പിച്ചു. വിദ്യാർഥികളിൽനിന്ന് ലഭിക്കുന്ന മികച്ച ആശയങ്ങൾ സ്കൂളുകളിൽ നടപ്പാക്കുന്നതിനു നഗരസഭ പ്രത്യേക സാന്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
എൽപി-10,000 രൂപ, യുപി-20,000, എച്ച്എസ്-30,000, എച്ച്എസ്എസ്-40,000 രൂപ എന്നിങ്ങനെയാണ് സഹായം. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ടോം ജോസ്, പി.എസ്. ലിഷ, കെ. റഷീദ്, സാലി പൗലോസ്, പൊതുപ്രവർത്തകരായ എം. ആരിഫ്, കെ.സി. യോഹന്നാൻ, ഡിഇഒ സി.വി. മൻമോഹൻ, എസ്എസ്കെ ഡിപിസി അനിൽകുമാർ, ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കെ.എസ്. ശ്രീജിത്ത്, എഇഒ ബി.എസ്. ഷിജിത, ബിപിസി ടി. രാജൻ എന്നിവർ പ്രസംഗിച്ചു.
മികച്ച പ്രോജക്ടുകൾ അവതരിപ്പിച്ചവർക്കുള്ള സമ്മാനം ജില്ലാ പ്ലാനിംഗ് ഓഫീസർ എം. കമാലുദ്ദീൻ നിർവഹിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ കോ ഓർഡിനേറ്റർ ടി.ജി. സജി എന്നിവർ സംസാരിച്ചു.