പോത്തുവളർത്തൽ പദ്ധതിയുമായി പുൽപ്പള്ളി പഞ്ചായത്ത്
1600910
Sunday, October 19, 2025 6:00 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ പട്ടികവർഗ സങ്കേതങ്ങളിൽ ഭക്ഷ്യസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പോത്തുവളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷത്തോളം രൂപ ഇതിന് നീക്കിവച്ചു.
തെരഞ്ഞെടുത്ത 20 പട്ടികവർഗ വനിതാ സംഘങ്ങൾക്ക് 171 പോത്തു കുട്ടികളെ സൗജന്യമായി നൽകും. പോത്തുകുട്ടി ഒന്നിന് 17,000 രൂപയാണ് വില. മൃഗാശുപത്രി മുഖേനയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
പോത്തുകുട്ടി വിതരണം ആദ്യഘട്ടം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ഉഷ ബേബി, ഉഷ സത്യൻ, രജിത്ര ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
പദ്ധതി കോഓർഡിനേറ്റർ എ.കെ. രമേശൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ബിനോയി ജയിംസ്, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ സി.ഡി. റോഷ്ന, ജ്യോതി രാജു, എം.ആർ. ബിന്ദു, ജീവനക്കാരായ വി.എം. ജോസഫ്, പി.ആർ. സന്തോഷ്കുമാർ, ജയ സുരേഷ്,കെ.എം. ഷമീർ, പി.എസ്. മനോജ്കുമാർ എന്നിവർ പോത്തുകുട്ടികൾക്കുള്ള കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്, മരുന്നുവിതരണം, ഇൻഷ്വറൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.