കെഒഎ സ്പോർട്സ് ഇ മാഗസിൻ വയനാട് ജില്ലാതല പ്രകാശനം നടത്തി
1600861
Sunday, October 19, 2025 5:11 AM IST
സുൽത്താൻ ബത്തേരി: കേരള ഒളിന്പിക് അസോസിയേഷന്റെ(കെഒഎ) ഇ സ്പോർട്സ് മാഗസിൻ വയനാട് ജില്ലാതല പ്രകാശനം പൂമല മക്ലോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പദ്മശ്രീ പി.ടി. ഉഷ നിർവഹിച്ചു. മക്ലോഡ്സ് സ്കൂളുമായി സഹകരിച്ച് കെഒഎ സംഘടിപ്പിച്ച ‘മീറ്റ് ദ ഗോൾഡൻ ഗേൾ’ പരിപാടിക്കിടെയായിരുന്നു മാഗസിൻ പ്രകാശനം.
ജില്ലാ ഒളിന്പിക് അസോസിയേഷന്റെ പിന്തുണയോടെ മക്ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ ആരംഭിക്കുന്ന സ്പോർട്സ് അക്കാഡമിയുടെ ലോഗോ പ്രകാശനവും ഉഷ നിർവഹിച്ചു. ജില്ലാ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ വർമ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഷിംജിത് ദാമു, സംസ്ഥാന വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.ബി ശിവൻ, ഒളിന്പിക് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സുബൈർ ഇളകുളം, എൻ.സി. സാജിദ്, ഗിരീഷ് പെരുന്തട്ട, ഷറഫുദ്ദീൻ, ടി. സതീഷ്കുമാർ, ടോം ജോസഫ്, അർജുൻ തോമസ്, ദീപേഷ്, തോമസ്, സിജോ മാത്യു എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ സ്വാഗതം പറഞ്ഞു. വിവിധ സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ, കായികതാരങ്ങൾ, വിദ്യാർഥികൾ എന്നിവരുമായി ഉഷ സംവദിച്ചു.