നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനമായി
1600908
Sunday, October 19, 2025 6:00 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറും സിക്കിൾ ആൻഡ് പാലിയേറ്റീവ് ബ്ലോക്കും ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി മോഹൻദാസ്, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി തുടങ്ങിയവർ പങ്കെടുത്തു.
മസ്തിഷാകാഘാതവും അപകടങ്ങളും ഉൾപ്പെടെ കാരണങ്ങൾമൂലം ശരീരം തളർന്നുപോകുന്നവർക്ക് ഫിസിയോതെറാപ്പിയിലൂടെ എഴുന്നേറ്റുനിൽക്കാനും നടക്കാനും പരിശീലനം നൽകുന്ന സംവിധാനമാണ് റോബോട്ടിക് ഗെയിറ്റ് ട്രെയിനർ. വയനാട് പാക്കേജിൽ അനുവദിച്ച 2.5 കോടി രൂപയാണ് ഇതിനു വിനിയോഗിച്ചത്.
രാജ്യത്ത് ആദ്യമാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈ സംവിധാനംസ്ഥാപിക്കുന്നത്.അരിവാൾകോശ രോഗികൾക്കുള്ള വാർഡും പെയിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററും ഉൾപ്പെടുന്നതാണ് സിക്കിൾ സെൽ ബ്ലോക്ക്. 10 കിടക്കകളുള്ള റിഹാബ് സെന്ററും കണ്‍സൾട്ടിംഗ് റൂമുകളും ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി മുറികളും വാർഡുകളും ബ്ലോക്കിലുണ്ട്.