നിസഹായർക്ക് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കി: മന്ത്രി വീണാ ജോർജ്
1600718
Saturday, October 18, 2025 5:07 AM IST
സുൽത്താൻ ബത്തേരി: ചെലവേറിയ ചികിത്സകൾക്കായി ബുദ്ധിമുട്ടുന്ന നിസഹായരായവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരെന്ന് ആരോഗ്യവനിതാ ശിശു വികസന മന്ത്രി വീണാ ജോർജ്.
ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ 1500 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ഇതുവരെ വിനിയോഗിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഒരാളും നിസഹായരാകാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്.
ബത്തേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. താലൂക്ക് ആശുപത്രിയിലെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ, പോളി ഡെന്റൽ ക്ലിനിക്, വയോജന വാർഡ്, ഫിസിയോതെറാപ്പി ഹാബിലിറ്റേഷൻ യൂണിറ്റുകൾ, ഫേക്കോ എമൽസിഫിക്കേഷൻ മെഷീൻ, വയോജന വിഭിന്ന ശേഷി സൗഹൃദ കേന്ദ്രങ്ങൾ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്പിളി സുധി, ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ്,
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻ ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി. സിന്ധു, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ അനീഷ് ബി. നായർ, ലത ശശി, ഷാമില ജുനൈസ്, ഷമീർ മഠത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.