നെൽക്കതിരിട്ടു: കാവൽ മാടങ്ങൾ ഒരുക്കി കർഷകർ
1601282
Monday, October 20, 2025 5:56 AM IST
സുൽത്താൻ ബത്തേരി: വന്യജീവിശല്യം രൂക്ഷമായ നൂൽപ്പുഴ പഞ്ചായത്തിലെ വനയോര ഗ്രാമങ്ങളിലെല്ലാം നഞ്ചപ്പാടങ്ങൾ കതിരിട്ടതോടെ വന്യമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ കർഷകർ കാവൽ മാടങ്ങൾ ഒരുക്കി. കാട്ടാന, പന്നി, കുരങ്ങ്, മാൻ, മയിൽ, പക്ഷികൾ അടക്കമുള്ള വന്യജീവികൾ കൂട്ടത്തോടെ നെൽകൃഷി നശിപ്പിക്കുമെന്നതിനാലാണ് രാവും പകലും കാവലിരിക്കാൻ ഏറുമാടങ്ങൾ ഒരുക്കുന്നത്.
ഏക്കർ കണക്കിന് വരുന്ന നെൽപ്പാടങ്ങളിൽ നടുവിലായി. മരക്കൊന്പുകളും പുല്ലും ഉപയോഗിച്ച് രണ്ടുപേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഏറുമാടങ്ങൾ നിർമിക്കുന്നത്. നെല്ല് കതിരായതോടുകൂടി പക്ഷികൾ കൂട്ടത്തോടെ എത്തുന്നതും രാത്രിയിൽ ആന അടക്കമുള്ളവ പാടത്തിറങ്ങുന്നതും തടയാനാണ് പ്രദേശത്തെ കർഷകർ രാത്രിയും പകലും കാവൽ ഇരിക്കുന്നത്.
വനത്തിനോട് ചേർന്ന് വയലുകളിൽ അടുത്തടുത്തായി ഏറുമാടങ്ങൾ കാണാൻ സാധിക്കും. വന്യജീവിയെ പ്രതിരോധിക്കാൻ ഈ പ്രദേശങ്ങളിൽ ഇപ്പോഴും ഏറുമാടങ്ങൾ അടക്കമുള്ളവയാണ് പ്രതിരോധ സംവിധാനങ്ങൾ. നെല്ല് കൊയ്ത്തിനു പാകമായി തുടങ്ങിയതോടുകൂടി ഏത് നിമിഷവും വന്യജീവികൾ വയലിൽ എത്തുമെന്ന അവസ്ഥയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് കർഷകരുടെ അന്നത്തിന്റെയും അതിജീവനത്തിന്റെയും ഭാഗമാണ്.