കൊതുക് നിവാരണത്തിന് ഗപ്പി വളർത്തലുമായി കണിയാന്പറ്റ
1565543
Saturday, June 7, 2025 6:18 AM IST
കൽപ്പറ്റ: കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഗപ്പി വളർത്തലുമായി കണിയാന്പറ്റ ഗ്രാമപഞ്ചായത്തും വരദൂർ കുടുംബാരോഗ്യ കേന്ദ്രവും. രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള കൊതുക് നിയന്ത്രണത്തിന് പകരമായി ജൈവ രീതിയിൽ ഗപ്പി മീനുകളെ വളർത്തി കൊതുക് നിവാരണത്തിന് മാതൃകയാകുകയാണ് പഞ്ചായത്തും ആരോഗ്യ സ്ഥാപനവും.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ആന്പൽ കുളത്തിൽ ഗപ്പി കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കണിയാന്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത പദ്ധതി ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങി കൊതുകുജന്യ രോഗങ്ങൾ മനുഷ്യാരോഗ്യത്തിന് ഭീഷണിയാണ്.
ഇത് തരണംചെയ്യാൻ ഗപ്പി മീനുകളെ ഉപയോഗിച്ച് ജൈവരീതിയിൽ കൊതുകിനെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ജൈവവൈവിധ്യത്തെയും കുടിവെള്ളം, തനത് വിഭവങ്ങൾ സംരക്ഷിക്കാൻ ഗപ്പി വളർത്തൽ സഹായിക്കും.