കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മദ്യശാല: പ്രതിഷേധം ശക്തമാകുന്നു
1565534
Saturday, June 7, 2025 6:18 AM IST
കൽപ്പറ്റ: കെഎസ്ആർടിസി ബത്തേരി ഡിപ്പോ വളപ്പിൽ ബിവറേജസ് കോർപറേഷന്റെ പ്രീമിയം ഔട്ട് ലെറ്റ് തുറക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഡിപ്പോ വളപ്പിൽ ഔട്ട് ലെറ്റ് തുറക്കുന്നതിനെതിരേ വിവിധ സംഘടനകൾ രംഗത്തുവന്നു. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റും നിലവിലുള്ള നഗരത്തിൽ മദ്യലഭ്യത വർധിപ്പിക്കുന്ന നടപടിയിൽനിന്നു ബിവറേജസ് കോർപറേഷൻ പിൻവാങ്ങണമെന്നാണ് അവരുടെ ആവശ്യം.
ഡിപ്പോ വളപ്പിൽ മദ്യശാല ആരംഭിക്കുന്നതിനെതിരേ കേരള ആദിവാസി ഫോറം, പണിയമഹാസഭ എന്നിവ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്പതിന് രാവിലെ 10ന് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയ പരിസരത്തുനിന്നു ഡിപ്പോയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആദിവാസി അമ്മമാരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് മാർച്ച് നടത്തുമെന്ന് പണിയ മഹാസഭ പ്രസിഡന്റ് വി.വി. ബോളൻ, ജനറൽ സെക്രട്ടറി ബിജു കാക്കത്തോട്, കേരള ആദിവാസി ഫോറം പ്രസിഡന്റ് എ. ചന്തുണ്ണി എന്നിവർ പറഞ്ഞു.
കെഎസ്ആർടിസി സ്റ്റേഷനു ഏറെ അകലെയല്ലാതെ നിരവധി സർക്കാർ, സ്വകാര്യ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷനടുത്ത് പട്ടികവർഗ ഉന്നതികളുമുണ്ട്. ഇത് കണക്കിലെടുത്ത് ഡിപ്പോ വളപ്പിൽ ഔട്ട് ലെറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും അടുത്ത ദിവസം കത്ത് അയയ്ക്കുമെന്ന് ഫോറം, മഹാസഭ നേതാക്കൾ പറഞ്ഞു. മദ്യശാല തുറന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.