ആരോഗ്യമേഖലയിൽ വയനാടിനെ സ്വയംപര്യാപ്തമാക്കും: ആരോഗ്യമന്ത്രി
1535688
Sunday, March 23, 2025 6:11 AM IST
കൽപ്പറ്റ: ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയംപര്യാപ്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പിപി യൂണിറ്റ്, ലാബ്, ഒപി ട്രാൻസ്ഫർമേഷൻ യൂണിറ്റ് എന്നിവ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ആധുനിക ചികിത്സാസംവിധാനങ്ങൾ ഉറപ്പാക്കുക സർക്കാർ ലക്ഷ്യമാണ്. മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും.
മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം ആരംഭിക്കാൻ ദേശീയ ആരോഗ്യ കമ്മീഷനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 23 കോടി രൂപ വകയിരുത്തി ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ആരംഭിക്കും. ജില്ലയിൽ ഓക്സിജൻ പ്ലാന്റ ്പ്രവർത്തിക്കുന്നത് ആരോഗ്യ മേഖലയിലെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്.
വൈത്തിരി താലൂക്ക് ആശുപത്രിയിൽ 7.5 കോടി ചെലവിൽ നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കെട്ടിടത്തിൽ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ആന്റി നേറ്റൽ, പോസ്റ്റ് നേറ്റൽ, പോസ്റ്റ് ഓപ്പറേറ്റീവ്, കുട്ടികളുടെ വാർഡ്, എൻബിഎസ്യു ഗൈനക്ക്, കുട്ടികളുടെ ഒപി, ലിഫ്റ്റ്, സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ, സെൻട്രലൈസ്ഡ് സെക്ഷൻ, 82 കെവി ജനറേറ്റർ, ട്രാൻസ്ഫോമർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 131.87 ലക്ഷം രൂപയും ഉൾപ്പെടെ 1.45 കോടി ചെലവിൽ എട്ട് ഒപി മുറികളുടെയും മേൽക്കൂരകളുടെയും പ്രവൃത്തി പൂർത്തിയായി.
20 ലക്ഷം ചെലവിലാണ് ലാബ് നവീകരിച്ചത്. ആർദ്രം പദ്ധതിയിൽ ഏഴ് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പിപി യൂണിറ്റിൽ കുത്തിവയ്പ്പ് മുറി, ഐഎൽആർ, ഡീപ്പ് ഫ്രീസർ സ്റ്റോർ റും സൗകര്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ആയിഷബി, ഡോ.ഷിജിൻ ജോണ് ആളൂർ തുടങ്ങിയവർ പങ്കെടുത്തു.