അറുപതുകവലയിൽ നാട്ടുകാർ വീണ്ടും ലോറികൾ തടഞ്ഞു
1512412
Sunday, February 9, 2025 5:30 AM IST
പുൽപ്പള്ളി: ക്വാറിയിലേക്കുള്ള ടിപ്പറുകൾ മരക്കടവ് അറുപതുകവലയിൽ നാട്ടുകാർ വീണ്ടും തടഞ്ഞു. ശനിയാഴ്ച രാവിലെയാണ് നാട്ടുകാർ സംഘടിച്ച് ലോറികൾ തടഞ്ഞത്. റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന് ആരോപിച്ച് ക്വാറികളിൽനിന്നു അമിതഭാരം കയറ്റിവരുന്ന ടിപ്പറുകൾ കഴിഞ്ഞ ചൊവ്വാഴ്ച നാട്ടുകാർ തടഞ്ഞിരുന്നു.
പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഭരണസമിതി യോഗം ചേർന്ന് തീരുമാനമെടുക്കുന്നതുവരെ അറുപതുകവല വഴി ക്വാറിയിലേക്ക് ലോറികൾ ഓടില്ലെന്ന ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗം പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിൽ വലിയ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചു. ഇതിനെതിരേ ക്വാറി ഉടമകൾ ഹൈക്കോടതിയിൽനിന്നു സ്റ്റേ സന്പാദിച്ചു.
ഇന്നലെ അറുപതുകവല വഴി ടിപ്പറുകൾ വീണ്ടും ഓടാനെത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ ഇടപെടൽ. അറുപതുകവല ഒഴിവാക്കി മറ്റു റോഡുകളിലൂടെ ടിപ്പറുകൾ ഓടിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ കോടതി ഉത്തരവുമായി ക്വാറി ഉടമകൾ എത്തിയതോടെ നാട്ടുകാർ പിൻവാങ്ങി. സ്റ്റേ നീക്കിക്കിട്ടുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.