കടുവാ ആക്രമണം : കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം
1508499
Sunday, January 26, 2025 5:29 AM IST
മാനന്തവാടി: കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ജനങ്ങളോട് അഭ്യർഥിച്ചു. അടിയന്തിര ഘട്ടങ്ങളിൽ പോലീസിനെ വിളിക്കണമെന്നു അറിയിച്ചു. കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നത് അപകടകരമാണ്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതു ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മ രാധയെ കൊന്ന കടുവയെ ജീവനൊടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി. മുഖ്യ വന്യജീവി പാലകന്റെ ഉത്തരവിൽ വ്യക്തത വരുത്തി കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി പഞ്ചാരക്കൊല്ലിയിൽ വനസേനയുടെ ബേസ് ക്യാന്പിൽ നാട്ടുകാർ ഉയർത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എഡിഎം കെ. ദേവകിയുടെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ജനപ്രതിനിധികൾ നിലപാട് അറിയിച്ചത്.
തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുക, കടുവ സാന്നിധ്യം അകലുന്നതുവരെ പ്രിയദർശിനി തൊഴിലാളികൾക്ക് കൂലിയോടെ അവധി അനുവദിക്കുക, പഞ്ചാരക്കൊല്ലിയിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പോയിവരാൻ വാഹന സൗകര്യം ഏർപ്പെടുത്തുക, രാധയുടെ മക്കളിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകുക, സമാശ്വാസധനത്തിൽ ബാക്കി ഉടൻ ലഭ്യമാക്കുക, അയൽ ജില്ലകളിൽനിന്നു ദ്രുത പ്രതികരണ സേനയെ എത്തിക്കുക,
ഇതുവരെ നടന്ന പ്രതിഷേധങ്ങളുടേ പേരിൽ നിയമ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, കടുവയ്ക്കായുള്ള തെരച്ചിൽ പിലാക്കാവ്, ജസി, ചിറക്കര, തലപ്പുഴ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുക, വനാതിർത്തിയിലെ അടിക്കാട് വെട്ടിമാറ്റുക, പഞ്ചാരക്കൊല്ലി, ചിറക്കര ഭാഗങ്ങളിൽ പ്രതിരോധവേലി സ്ഥാപിക്കുക, രാത്രി പോലീസ്, ഫോറസ്റ്റ് സംയുക്ത പട്രോളിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. വനം, പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കടുവയെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് എഡിഎം വ്യക്തമാക്കി. രാധയുടെ ആശ്രിതനു ജോലിയും സമാശ്വാസധനത്തിൽ ബാക്കിയും ഉടൻ നൽകും. ഇതുവരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കേസ് എടുക്കില്ലെന്നും അവർ വ്യക്തമാക്കി.
മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ഇന്ന്
കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പട്ട സാഹചര്യത്തിൽ ഇന്നു രാവിലെ 11ന് കളക്ടറേറ്റിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേരും.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ജില്ലാ പോലീസ് മേധാവി, തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഎഫ്ഒമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുക്കും.
തോട്ടങ്ങളിലെ അടിക്കാട് വെട്ടാൻ ഉടമകൾക്ക് നിർദേശം നൽകും
കൽപ്പറ്റ: ജില്ലയിൽ വന്യമൃഗ ശല്യം വർധിക്കുന്ന സാഹച്യത്തിൽ തോട്ടങ്ങളിലെ അടിക്കാട് വെട്ടണമെന്ന് ഉടമകൾക്ക് നിർദേശം നൽകാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. നിർദേശം പാലിക്കാത്ത തോട്ടം ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു സമിതി തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
വനമേഖലയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിൽ ആവശ്യാനുസരണം തെരുവുവിളക്കുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. മാവിലാംതോടിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമിച്ച കെട്ടിടത്തിന് അടിയന്തരമായി നന്പർ നൽകാൻ ബന്ധപ്പെട്ട അധികാരിയോട് ആവശ്യപ്പെട്ടു.
നബാർഡിന്റെ സഹകരണത്തോടെ ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കുപ്പാടിയിൽ ആർആർടിവെറ്ററിനറി ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാട്ടേഴ്സ്, വെറ്ററിനറി ലാബ്, ആനിമൽ പോസ്റ്റ്മോർട്ടം റൂം എന്നിവ സജ്ജീകരിച്ചതായി വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. നെല്ലാറച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിലെ വിശ്രമകേന്ദ്രത്തിന് കെട്ടിട നന്പർ നൽകാൻ ഭൂമിയുടെ സർവേ നടപടികൾ പൂർത്തീകരിച്ചതായി ഡെപ്യൂട്ടി കളക്ടർ(എൽആർ)അറിയിച്ചു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. എഡിഎം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ, പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ പങ്കെടുത്തു.
ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി
മാനന്തവാടി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശിനി രാധയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി എംപി.
രാധയുടെ ഭർത്താവ് അച്ചപ്പൻ, മകൻ അനിൽ എന്നിവരുമായി എംപി സംസാരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒപ്പമുണ്ടാകുമെന്നും അറിയിച്ചു.
പുലി സാന്നിധ്യം പരിഭ്രാന്തി പരത്തുന്നു
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ പാടന്തറ ചെളുക്കാടിയിൽ പുലി സാന്നിധ്യം പരിഭ്രാന്തി പരത്തുന്നു.
ഇന്നലെ പുലർച്ചെ ചെളുക്കാടിയിൽ വീട്ടുമുറ്റത്ത് പുലി എത്തിയതിന്റെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞതാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. മുന്പ് പ്രദേശത്ത് നാട്ടുകാരിൽ ചിലർ പുലിയെ കണ്ടിരുന്നു.
ഇക്കാര്യം വനം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പുലിയെ കൂടുവച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.