വള്ളിയൂർക്കാവിൽ വിത്തുത്സവം തുടങ്ങി
1507737
Thursday, January 23, 2025 5:45 AM IST
മാനന്തവാടി: ഫെയർ ട്രേഡ് കേരള അലയൻസിന്റെ(എഫ്ടിഎകെ) നേതൃത്വത്തിൽ വള്ളിയൂർക്കാവ് മൈതാനിയിൽ വിത്തുത്സവം തുടങ്ങി. ഇതിനു മുന്നോടിയായി ആറാട്ടുതറയിൽനിന്നു ഉത്സവനഗരിയിലേക്ക് ഘോഷയാത്ര നടന്നു.
ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്ഥാപക ഡയറക്ടർ ക്ലോഡ് അൽവാരസ് ഉദ്ഘാടനം ചെയ്തു. ഗവേഷകരല്ല, കൃഷിക്കാരാണ് നൂറ്റാണ്ടുകളായി വിത്തുകൾ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഫ്ടിഎകെ ചെയർമാൻ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. അഭിനേതാവും ജൈവകർഷകനുമായ പ്രകാശ്രാജ് മുഖ്യാതിഥിയായി. വിത്തുത്സവം ജനറൽ കണ്‍വീനർ സെലിൻ മാനുവൽ, എഫ്ടിഎകെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അനുരാധ, ടോമി മാത്യു, ജസ്റ്റിൻ ബേബി എന്നിവർ പ്രസംഗിച്ചു.
നാടൻ വിത്തുകൾ, നടീൽ വസ്തുക്കൾ, വളർത്തുജീവികൾ എന്നിവയുടെ പ്രദർശനവും കൈമാറ്റവും വിത്തുത്സവത്തിൽ നടത്തും. കാർഷിക ഗോത്ര സംസ്കൃതി, ജൈവ വൈവിധ്യം, സ്ത്രീ സുരക്ഷ എന്നിവ പ്രമേയങ്ങളാക്കി സംഘടിപ്പിച്ച ഉത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, ചർച്ച, ’ഒറ്റമുറിവീട്’ പ്രദർശനം എന്നിവ നടത്തും.