ബൈരൻ യാത്രയായത് പെൻഷൻ ലഭിക്കാതെ
1508502
Sunday, January 26, 2025 5:30 AM IST
കൽപ്പറ്റ: വനം വകുപ്പ് ജീവനക്കാരൻ ബത്തേരി ചെതലയം പൂവഞ്ചി ഉന്നതിയിലെ ബൈരൻ(64) യാത്രയായത് പെൻഷൻ ലഭിക്കാതെ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ ദുര്യോഗത്തിനു കാരണമായത്. വിരമിക്കൽ ആനുകൂല്യങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചില്ല. 30 വർഷത്തോളം വനം വാച്ചറായിരുന്നു ബൈരൻ.പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ 2013ലാണ് ജോലിയിൽ സ്ഥിരപ്പെട്ടത്. കുറിച്ച്യാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽനിന്ന് 2020ലാണ് വിരമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
ജോലിയിൽനിന്നു പരിയുന്പോൾ ഓരോരുത്തരുടെയും പെൻഷൻ ഫണ്ടിലുള്ള മൊത്തം തുകയ്ക്ക് അനുസൃതമായാണ് മാസം തോറും പെൻഷൻ ലഭിക്കുക. പെൻഷൻ ഫണ്ടിലുള്ളത് അഞ്ച് ലക്ഷം രൂപയിൽ കുറവെങ്കിൽ ഒറ്റത്തവണയായി കൈപ്പറ്റാം. പിന്നീട് ഒരാനുകൂല്യവും ലഭിക്കില്ല. ബൈരന്റെ പെൻഷൻ അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപയിൽ താഴെയാണ് ഉണ്ടായിരുന്നത്. അതിനാൽ അടച്ച തുക അദ്ദേഹത്തിനു ലഭിച്ചു. പെൻഷനു പുറമേ, അർഹതയുടെ അഭാവത്തിൽ ഡിസിആർജി അടക്കം ആനുകൂല്യങ്ങളും ബൈരനു ലഭിച്ചില്ല.
സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും ഇതോടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കുമെന്നുമായിരുന്നു ബൈരന്റെ പ്രതീക്ഷ. സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഗുണഭോക്താവായിരുന്നുവെങ്കിൽ ഏഴ് വർഷം സ്ഥിരം സർവീസുള്ള ഇദ്ദേഹത്തിന് മാസം 8,250 രൂപ എക്സ്ഗ്രേഷ്യ പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടുമായിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടതിൽ 25 ഓളം പേരാണ് ജില്ലയിൽ ഇതിനകം വിരമിച്ചത്. ഇവരിൽ പലർക്കും 1,000 രൂപയിൽ താഴെയാണ് പെൻഷൻ ആന്വിറ്റി ലഭിക്കുന്നത്.