"ജനങ്ങൾക്ക് വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണമാണാവശ്യം'
1508311
Saturday, January 25, 2025 5:45 AM IST
യൂത്ത് കോണ്ഗ്രസ്
കൽപ്പറ്റ: വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്ന് വയനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാരും വനംവകുപ്പും തികഞ്ഞ പരാജയമാണ്. നിരന്തരമുള്ള വന്യജീവി അക്രമങ്ങളിൽ പൊറുതിമുട്ടിയ സാധാരണക്കാർക്ക് ജീവനും സ്വത്തും നഷ്ടമായിട്ട് നഷ്ടപരിഹാരമെന്ന പേരിൽ പണം ലഭിച്ചതുകൊണ്ട് കാര്യമില്ല.
ജീവിക്കാനുള്ള അവകാശം നിരന്തരം ഹനിക്കപ്പെടുന്പോൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ സ്വന്തം ചുമതലകളിൽനിന്നു ഒളിച്ചോടുകയും വന്യജീവി ആക്രമണത്തിൽ ജീവനുകൾ പൊളിയുന്പോൾ നഷ്ടപരിഹാരം പ്രഖ്യാപിക്കാനുള്ള ഏജൻസി മാത്രമായി മാറിയിരിക്കുകയാണ്. ഇത് പ്രതിഷേധാർഹമാണ്. വന്യജീവി അക്രമണങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ സത്വര നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കൊലക്കുറ്റത്തിന് കേസെടുക്കണം: ഭാരതീയ കിസാൻ സംഘ് വയനാട്
കൽപ്പറ്റ: നിരന്തരമായ വന്യജീവി ആക്രമണങ്ങളാൽ അത്യന്തം ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് മലേയോരവാസികൾ ജീവിതം തള്ളിനീക്കുന്നത്. ആക്രമണങ്ങളിൽ ആളപായം സംഭവിച്ചാൽ പ്രതിഷേധം തടയാൻ താത്കാലിക നടപടികൾ മാത്രം സ്വീകരിച്ച് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ രക്ഷപ്പെടുന്നതാണ് അനുഭവം.
വന്യജീവി ആക്രമങ്ങൾക്ക് ശാശ്വതപരിഹാരം തേടാനോ ഇരയായ കുടുംബങ്ങളെ സംരക്ഷിക്കാനോ സർക്കാരിന് പദ്ധതിയില്ല. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി ശാശ്വത പരിഹാരം ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് ഭാരതീയ കിസാൻ സംഘ് സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാധയുടെ ഭവനത്തിൽ എത്തിയ കിസാൻ സംഘ് ജില്ലാ നേതാക്കൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അടിയന്തരമായി 25 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർഥിനിയായ മകൾക്ക് വിദ്യാഭ്യാസം തുടരാൻ സാന്പത്തിക സഹായം അനുവദിക്കണമെന്നും രാധയുടെ ഭർത്താവിന് സ്ഥിരം ജോലി നൽകണമെന്നും ഭാരതീയ കിസാൻ സംഘിന്റെ അടിയന്തര ജില്ലാ കമ്മിറ്റി യോഗം മാനന്തവാടിയിൽ ചേർന്ന് സർക്കാരിനോടാവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് കെ. ബാലൻ കാനഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.വി. രവിചന്ദ്രൻ, സെക്രട്ടറി എം. ശശിധരൻ, ഈശ്വരൻ മാടമന, വി.എം. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
ഉത്തരവാദി വനം വകുപ്പ്
മാനന്തവാടി: വന്യ മൃഗങ്ങളിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ വനം വകുപ്പിന്റെ പരാജയമാണ് ഇടയ്ക്കിടയുണ്ടാകുന്ന മനുഷ്യ ജീവഹാനിയെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് പറഞ്ഞു. വന്യജീവി അക്രമണങ്ങളും മരണങ്ങളും ഉണ്ടാകുന്പോൾ മാത്രമാണ് നിഷ്ക്രിയമായ വനം വകുപ്പ് ഉണരുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ പോലും വന്യജീവികൾ സ്വൈര്യ വിഹാരം നടത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണ് വനം വകുപ്പ് അധികാരികൾ. ഇനി ഒരു രാധയും വന്യമൃഗങ്ങളാൽ കൊല്ലപ്പെടാതിരിക്കാൻ ശാശ്വത നടപടിയാണ് സർക്കാർ ഭാഗത്തു നിന്നുണ്ടാകേണ്ടത്.
"സത്വര പരിഹാരം കാണണം'
കൽപ്പറ്റ: വയനാട്ടിൽ മനുഷ്യർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ പട്ടികവർഗ വനിതയെ കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ച സംഭവം അതീവ ഭീതിദമാണ്. തലയറ്റ ജഡമാണ് കണ്ടെത്തിയതെന്നത് ദുഃഖകരമാണ്.
വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുന്പോൾ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധവും അധികൃതരുടെ വാഗ്ദാനങ്ങളും പിന്നീട് ഏവരും മറക്കുകയാണ്.
വന്യമൃഗ ആക്രമണത്തിൽ നഷ്ടപ്പെടുന്ന മനുഷ്യജീവന്റെ വില കുറച്ചുകാണുന്ന നയം തിരുത്തണം. സഹനത്തിന്റെ നെല്ലിപ്പടിയിലെത്തിയ ജനം നിയമം കൈയിലെടുക്കുന്ന സാഹചര്യം ഭരണാധികാരികൾ ഒഴിവാക്കണമെന്നും പൗലോസ് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരംകൊണ്ട് പരിഹിക്കാൻ കഴിയാത്ത പ്രശ്നം: സിപിഐ(എംഎൽ) റെഡ്സ്റ്റാർ
കൽപ്പറ്റ: വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്മനല്ലെന്ന് സിപിഐ(എംഎൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടി മുനിസിപ്പൽ പരിധിയിൽ കോണ്ഗ്രസും എസ്ഡിപിഐയും ഇന്നു രാവിലെ ആറ് മുതൽ വൈകുന്നേരം ആറു വരെ ആഹ്വാനം ചെയ്ത ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.
"ശക്തമായ നടപടി വേണം'
പുൽപള്ളി: വന്യമൃഗ ആക്രമണത്താൽ നിരവധി ജീവനുകളാണ് നഷ്ടമായത്. ഇതൊരിക്കലും കണ്ടില്ലെന്ന് നടിക്കുവാൻ സാധിക്കില്ല.
ആയതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ശല്യമായി നാട്ടിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും ഉടനടി വെടിവച്ചു കൊല്ലുവാനുള്ള ഓർഡർ വനംവകുപ്പ് ഇറക്കണം.
വനനിയ മത്തിന്റെ പേരുപറഞ്ഞ് പാവപ്പെട്ട കർഷകരെയും കർഷകത്തൊഴിലാളികളെയും സാധാരണക്കാരെയും വയനാട്ടിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യർക്കും ഭീഷണിയായി വന്യമൃഗങ്ങളുടെ വിളയാട്ടം ഘോഷയാത്ര പോലെ ഒന്നിനുപുറകെ ഒന്നായി വരുന്പോഴും വളരെ ലാഘവത്തോടെ കാണുന്ന വനംവകുപ്പിന്റെ പുച്ഛ മനോഭാവം അവസാനിപ്പിക്കണമെന്ന് കേരള കോണ്ഗ്രസ് കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് ആവശ്യപ്പെട്ടു.