വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെയും സംരക്ഷിക്കണം: എം.എം. ഹസൻ
1507733
Thursday, January 23, 2025 5:43 AM IST
കൽപ്പറ്റ: വയനാട്ടിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം കാരണം മലയോര പ്രദേശത്തുൾപ്പടെയുള്ള കർഷകരും ക്ഷീരകർഷകരും പൊതുജനങ്ങളും വളരെ ബുദ്ധിമുട്ടിയാണ് അവരുടെ ദൈനംദിന ജീവിതം നയിക്കുന്നതെന്നും അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
കൽപ്പറ്റയിൽ നടന്ന യുഡിഎഫ് നിയോജകമണ്ഡലം സമര പ്രഖ്യാപന കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണങ്ങൾ കാരണം തൊഴിലെടുക്കാനുള്ള ഭയവും ഉപജീവനമാർഗങ്ങളായ കന്നുകാലികൾ കൊല്ലപ്പെടുന്നതും മലയോര കർഷകരുടെയും സാധാരണ ദരിദ്ര ജനവിഭാഗങ്ങളുടെയും ജീവിതം ദുരിത പൂർണമാക്കി. ഇവരെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കണം.
തകർച്ച നേരിടുന്ന കാർഷിക മേഖലയിലെ പ്രതിസന്ധികൾ നേരിടാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണം. ബഫർ സോണ്‍ സീറോ പോയിന്റ് ആയി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം വർധിപ്പിക്കാനും അത് അടിയന്തരമായി കൊടുത്ത തീർക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. എൻ.ഡി. അപ്പച്ചൻ, എൻ.കെ. റഷീദ്, പി.ടി. ഗോപാല കുറുപ്പ്, പി.പി. ആലി, റസാഖ് കൽപ്പറ്റ, ടി.ജെ. ഐസക്, സലീം മേമന, എം.എ. ജോസഫ്, ബി. സുരേഷ് ബാബു, പോൾസണ്‍ കൂവക്കൽ, പ്രവീണ്‍, ഹനീഫ, അലവി വടക്കേതിൽ, തങ്കപ്പൻ, പൗലോസ്, വി.എ. മജീദ്,
കെ.വി. പോക്കർഹാജി, ബിനു തോമസ്, നജീബ് കരണി, പി. വിനോദ് കുമാർ, ശോഭന കുമാരി, സി. ഹാരിസ്, ചന്ദ്രിക കൃഷ്ണൻ, ഗിരീഷ് കൽപ്പറ്റ, എൻ. മുസ്തഫ, സി.എ. അരുണ്‍ദേവ്, ഹർഷൽ കോന്നാടൻ തുടങ്ങിയവർ പ്രസംഗിച്ചു.