പാലക്കാട് റെയ്ഡ് നാടകം തെരഞ്ഞെടുപ്പ് പരാജയം മുന്നിൽകണ്ട്: മുസ്ലിം ലീഗ്
1467059
Thursday, November 7, 2024 12:58 AM IST
കൽപ്പറ്റ: കൊടകര കുഴൽപ്പണ വിവാദത്തിൽ സിപിഎം - ബിജെപി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറികടക്കാനും കേരളത്തിലെ മൂന്നിടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം മുന്നിൽ കണ്ടുമാണ് പാലക്കാട്ടെ അർധരാത്രിയിലെ റെയ്ഡ് നാടകമെന്ന് മുസ്ലിം ലീഗ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കോണ്ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച ബിജെപി സർക്കാർ നടപടിക്ക് സമാനമാണ് പാലക്കാട്ടെ റെയ്ഡെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറിയും നിമയസഭ പാർലമെന്ററി പാർട്ടി ഉപനേതാവുമായ ഡോ.എം.കെ. മുനീർ, സെക്രട്ടറി യു.സി. രാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊടകരയിലെ കുഴൽപ്പണക്കേസിൽ സർക്കാർ ബിജെപി ഒത്തുകളിയാണെന്ന് വെളിവായ സാഹചര്യത്തിൽ പൊതുസമൂഹത്തിന് മുന്നിലുണ്ടായ ജാള്യത മറികടക്കാനാണ് കോണ്ഗ്രസിനെതിരേയുള്ള അർധരാത്രിയിലെ റെയ്ഡ് നാടകം. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. വനിതാ നേതാക്കളുടെ മുറി, മഫ്തിയിലെത്തി തുറപ്പിക്കാൻ പോലീസിന് ധൈര്യം നൽകിയത് ആരാണെന്ന് അന്വേഷിക്കണം. അർധ രാത്രി തന്നെ സിപിഎമ്മിന്റെയും ബിജെപിയുടെ നേതാക്കൾ സംഭവസ്ഥലത്തെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.
റെയ്ഡ് തുടരാൻ ഇടതു എംപി അടക്കം പോലീസിനെ നിർബന്ധിക്കുന്ന സാഹചര്യമുണ്ടായി ഇത് ഗുരുതരമാണ്. അതേസമയം റെയ്ഡിൽ എന്താണ് കണ്ടെത്തിയതെന്ന് സർക്കാർ വ്യക്തമാക്കുന്നുമില്ല. വടകര പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുറത്തിറക്കിയ കാഫിർ സ്ക്രീൻഷോട്ടിന്റെ രണ്ടാം പതിപ്പാണ് പാലക്കാട്ടെ റെയ്ഡ്. ഇതിന് വടകരയിലെ വോട്ടർമാർ നൽകിയ മറുപടി തന്നെ പാലക്കാട്ടുകാരും നൽകുമെന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിലാകെ സിപിഎം-ബിജെപി അന്തർധാര സജീവമാണ്. മോദി സർക്കാർ ഇഡിയെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയം കേരളത്തിൽ പോലീസിനെ ഉപയോഗിച്ച് ആവർത്തിക്കുകയാണ് ഇടതുസർക്കാർ. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരാളും ഇല്ലാതെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയുമായിരുന്നു റെയ്ഡെന്ന പ്രഹസനം. കഴിഞ്ഞ എട്ടുവർഷം ഭരിച്ചിട്ടും ഏതെങ്കിലും ജനക്ഷേമ പദ്ധതികളോ നേട്ടങ്ങളോ എടുത്തുകാണിക്കാനില്ലാത്തത് കൊണ്ടാണ് ഇത്തരം നാടകങ്ങൾ നടത്തേണ്ട ഗതികേടിലേക്ക് സർക്കാരിന് പോവേണ്ടിവരുന്നതെന്നും ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. കോണ്ഗ്രസിനെ എതിർക്കുമെന്നാണ് പുതിയ സിപിഎം നയം. ഇത് ബിജെപിയെ സഹായിക്കാനാണ്. രാജ്യത്ത് മോദിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് രാഷ്ട്രീയമത്സരം. മറ്റുള്ളവർക്ക് പ്രസക്തിയില്ലാത്ത കാലമാണിത്. പൂരം കലക്കിയ ഉദ്യോഗസ്ഥനെ അതേക്കുറിച്ചുള്ള അന്വേഷണത്തിന് നിയമിക്കുന്ന ഇടതുസർക്കാർ ബിജെപിയുമായി രഹസ്യധാരണയിലാണ്.
മുനന്പം വിഷയത്തിൽ നാട്ടിലെ സൗഹാർദ്ദ അന്തരീക്ഷത്തിന് കോട്ടം തട്ടാത്ത തരത്തിൽ വിഷയം പരിഹരിക്കേണ്ടത് സർക്കാരാണ്. സർക്കാരിന് താഴെയാണ് വഖഫ് ബോർഡ്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവർ സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ലിം ലീഗ് നിലപാട്. വിഷയത്തിൽ മനുഷ്യർക്കിടയിൽ സ്പർധയുണ്ടാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെ നീട്ടിക്കൊണ്ടുപോവരുതെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കരുതെന്നും സർക്കാരിനോട് നേതാക്കൾ ആവശ്യപ്പെട്ടു.
മുണ്ടക്കൈ ദുരന്തത്തിലടക്കം ഒരു സഹായവും നൽകാത്ത കേന്ദ്രത്തിനെതിരേ എന്തുകൊണ്ടാണ് ഇടതുസർക്കാർ പ്രതിഷേധിക്കാത്തതെന്നും കേന്ദ്രത്തിനെതിരേ സർക്കാർ സമരം നടത്തുകയാണെങ്കിൽ അതിനെ മുസ്ലിം ലീഗ് പിന്നുണക്കുമെന്നും നേടാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, സെക്രട്ടറി കെ. ഹാരിസ് എന്നിവരും പങ്കെടുത്തു.