കോടിക്കണക്കിനു രൂപയുടെ മരങ്ങൾ നശിക്കുന്നു
1454660
Friday, September 20, 2024 5:22 AM IST
കൽപ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിനു രൂപ വിലവരുന്ന മരങ്ങൾ മഴയും വെയിലുമേറ്റും ചിതൽ പിടിച്ചും നശിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി എന്ന പേരിൽ പാതയോരങ്ങളിൽ മുറിച്ചിട്ടതും കാറ്റിലും മഴയിലും മറിഞ്ഞതുമായ മരങ്ങളാണ് നശിക്കുന്നത്. ഇതിൽ ഈട്ടി ഉൾപ്പെടെ വിലപ്പിടിപ്പുള്ള ഇനം മരങ്ങളും ഉൾപ്പെടും.
പാതയോരങ്ങളിൽ മുറിച്ചിട്ട മരങ്ങൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചിലേടങ്ങളിൽ മരങ്ങൾ ഉപയോഗത്തിന് ആവശ്യമായ ക്രമത്തിൽ അളവുകൾ പാലിക്കാതെ തുണ്ടമാക്കിയാണ് മുറിച്ചത്. ഇതുമൂലം പൊതുഖജനാവിനു വൻ നഷ്ടമാണ് ഉണ്ടാകുന്നത്. തുണ്ടങ്ങളാക്കിയ മരങ്ങൾ സർക്കാർ ഡപ്പോകളിലെത്തിച്ച് ലേലം ചെയ്യുന്പോൾ തുച്ഛ വിലയാണ് ലഭിക്കുക.
സർക്കാർ സംവിധാനങ്ങൾ ഉത്തരവാദിത്തം നിറവേറ്റാത്തതും വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മരങ്ങൾ ഇത്തരത്തിൽ നശിക്കുന്നതിനു കാരണമെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
മുറിച്ചിട്ട മരങ്ങൾ അടിയന്തരമായി ഡിപ്പോകളിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പട്ടയഭൂമികളിലെ മരങ്ങൾ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നിലവിലെ നിയമം പാലിക്കാൻ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നു യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് ജയിംസ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങൾ, വി.ജെ. ജോസ്, ജാബിർ കരണി, കെ.പി. ബെന്നി, ആർ. വിഷ്ണു, പി.ടി. ഏലിയാസ്, എൻ.കെ. സോമസുന്ദരൻ, കെ.എ. ടോമി, കെ.എച്ച്. സലിം, പി.എ. മാത്യു, എ.എം. ഹനീഫ, പി.എ. ഷാഹുൽഹമീദ്, എം.കെ. വിജയൻ, പി. സൈഫുദ്ദീൻ ഹാജി, എം.ടി. ഫൈസൽ, കെ. ബാവ, കെ.ഒ. ഷിബു, ബി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.