വഴിയോരക്കച്ചവടക്കാർ നിരാശയോടെ മടങ്ങി
1453867
Tuesday, September 17, 2024 7:02 AM IST
മാനന്തവാടി: ഓണക്കാലത്തെ തകർപ്പൻ വ്യാപാരം മുന്നിൽക്കണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നു നഗരത്തിലെത്തിയ വഴിയോരക്കച്ചവടക്കാർ നിരാശയോടെ മടങ്ങി. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷത്തിനു നിറം മങ്ങിയത് വഴിയോരച്ചവടത്തെയും ബാധിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് കുറച്ചു കച്ചവടക്കാരാണ് നഗരത്തിൽ എത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഗാന്ധിപാർക്ക് മുതൽ മൈസൂരു റോഡുവരെ പാതയോരങ്ങൾ ഓണക്കാലത്ത് കർണാടകയിൽനിന്നുള്ള വഴിയോരക്കച്ചവടക്കാരെകൊണ്ട് നിറയുമായിരുന്നു. കർണാടകയിൽനിന്നു പൂക്കൾ നേരിട്ട് വിൽപനയ്ക്ക് എത്തിച്ചവർക്കും ഇത്തവണ നിരാശപ്പെടേണ്ടിവന്നു.