സേവനാവകാശ നിയമം: ഭൗതിക സാഹചര്യം ഒരുക്കാൻ നിർദേശം
1453866
Tuesday, September 17, 2024 6:46 AM IST
കൽപ്പറ്റ: പരിഷ്കരിച്ച സേവനാവകാശ നിയമം നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങൾ അടിയന്തരമായി ഒരുക്കാൻ നിർദേശം. സർക്കാർ വകുപ്പുകൾ, വകുപ്പുമേധാവികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് സർക്കാർ നിർദേശം. സംസ്ഥാനത്ത് 2012 നവംബർ ഒന്നിനു പ്രാബല്യത്തിൽ വന്നതാണ് സേവനാവകാശ നിയമം.
പൊതുജനങ്ങൾക്ക് സമയബന്ധിതമായ സേവനം ഉറപ്പുവരുത്തുകയാണ് നിയമ ലക്ഷ്യം. ആധുനിക സാങ്കേതിക വിദ്യയിലുണ്ടായ വളർച്ച സേവനമേഖലയിൽ വലിയ മാറ്റങ്ങൾക്കു കാരണമായി. ഓണ്‍ലൈൻ സേവനങ്ങളുടെ വളർച്ചയ്ക്കൊത്ത് കൂടുതൽ സുതാര്യമായും വേഗത്തിലും കാര്യക്ഷമമായും പൊതുജനങ്ങൾക്ക് സേവനം പ്രദാനം ചെയ്യുക അനിവാര്യതയായി.
ഈ സാഹചര്യത്തിലാണ് സേവനാവകാശ നിയമം പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് കേരള നിയമ പരിഷ്കാര കമ്മീഷനെ ചുമതലപ്പെടുത്തി. ’ദി കേരള റൈറ്റ് ടു പബ്ലിക് സർവീസ് ബിൽ-2024’ കരട് നിയമമാക്കുന്നതിന് നടപടികൾ പുരോഗതിയിലാണ്.