ഉരുൾപൊട്ടൽ: 84 വ്യവസായ യൂണിറ്റുകൾ നശിച്ചു, കെട്ടിടങ്ങൾ ഒഴികെ നഷ്ടം 12.36 കോടി
1451585
Sunday, September 8, 2024 5:33 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വിഭാഗങ്ങളിലായി 84 വ്യവസായ യൂണിറ്റുകൾ നശിച്ചു. കെട്ടിടങ്ങൾ ഒഴികെ 12.36 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ്. കൃപകുമാറിന്റെ അധ്യക്ഷതയിൽ മുട്ടിലിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട അധികാരികൾ അറിയിച്ചതാണ് വിവരം.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഉൗന്നൽ നൽകിയുള്ള നൂതന പദ്ധതികൾ ദുരന്തബാധിതർക്കായി തയാറാക്കുമെന്ന് ഡോ.കെ.എസ്. കൃപകുമാർ പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ, ലീഡ് ബാങ്ക് മാനേജർ മുരളീധരൻ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, കെഎസ്എസ്ഐഎ പ്രസിഡന്റ് സുരേഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.