ടൂറിസം മേഖലയെ സംരക്ഷിക്കണം: ടൂറിസം വർക്കേഴ്സ് യൂണിയൻ
1451365
Saturday, September 7, 2024 5:23 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനുശേഷം വയനാട് ദുരന്തം എന്ന രൂപത്തിൽ ചർച്ച ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. വയനാട്ടിൽ മൊത്തത്തിൽ അപകടം ഉണ്ടായി എന്ന തരത്തിൽ പുറത്ത് ജനങ്ങളിൽ ചിന്ത രൂപപ്പെടുന്നതിന് കാരണമായി. തുടർന്ന് ജില്ലയിലേക്ക് ടൂറിസ്റ്റുകൾ വരുന്നത് ഗണ്യമായി കുറഞ്ഞു.
ആയിരക്കണക്കിന് വരുന്ന ആളുകളുടെ ജീവിതമാർഗം ഇല്ലാതാവുന്ന അവസ്ഥയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വയനാട്ടിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന് ഡിടിപിസിയും ജില്ലാ ഭരണകൂടവും കൃത്യമായ പദ്ധതി തയാറാക്കണമെന്ന് കേരള ടൂറിസം വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
കെട്ടിട ഉടമസ്ഥർ വാടകയുടെ പേരിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നടത്തിപ്പുകാർക്ക് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യ മനസിലാക്കി പ്രശ്നമില്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കെട്ടിട ഉടമസ്ഥരും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള ടൂറിസം വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് പി.പി. ഷൈജിൽ യോഗം ഉദ്ഘാടനം ചെയ്തു. പി.സി. സനീഷ് കുമാർ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ഷമീർ എം ഷൈജൽ കൈപ്പ, എം.വി. ജംഷീദ്, സുബീഷ് പടിഞ്ഞാറത്തറ, ഫൈസൽ എന്നിവർ പ്രസംഗിച്ചു.