പുഴകൾ കരകവിഞ്ഞു; മുത്തങ്ങ മൻമഥൻമൂല ഒറ്റപ്പെട്ടു
1437240
Friday, July 19, 2024 5:04 AM IST
സുൽത്താൻ ബത്തേരി: തോരാമഴയിൽ കല്ലൂർ പുഴയുംനൂൽപ്പുഴയും കരകവിഞ്ഞതിനെത്തുടർന്ന് മുത്തങ്ങ മൻമഥൻമൂല പ്രദേശം ഒറ്റപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് ഇവിടെ വെള്ളം കയറിയത്. പ്രദേശത്തെ മൂന്നു കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തൊഴുത്തിൽ കെട്ടിയിരുന്ന കാലികളെ വീട്ടുകാർ അഴിച്ചുവിട്ടു. കഴിഞ്ഞദിവസം ചുണ്ടക്കുനിയിലെ അഞ്ച് കുടുംബത്തെ മുത്തങ്ങ സ്കൂളിലെ ക്യാന്പിലേക്ക് മാറ്റിയിരുന്നു.
റോഡിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാന്പ് സ്ഥിതിചെയ്യുന്ന പ്രദേശവും ഒറ്റപ്പെട്ടു. പുഴകൾ കരകവിഞ്ഞ് റോഡിൽ ഒരാൾ പൊക്കത്തിലാണ് വെള്ളം ഒഴുകുന്നത്. ശക്തമായ കുത്തൊഴുക്കുമുണ്ട്. സാഹസപ്പെട്ടാണ് ക്യാന്പിൽ ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കുന്നത്. മഴ ഇനിയും ശക്തമായാൽ ക്യാന്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.
മൻമഥൻമൂലയ്ക്ക് അടുത്തുള്ള ആലത്തൂർ, കുഴിമൂല, ചുണ്ടക്കുനി, അത്തിക്കുനി, ചിറമൂല, കല്ലുമുക്ക് ,രാംപള്ളി പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ദേശീയപാത 766ൽ മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ തകരപ്പാടിയിലും പൊൻകുഴിക്കടുത്തും പുഴ കരകവിഞ്ഞു. പൊൻകുഴിക്കടുത്ത് നൂറ് മീറ്ററോളം ഭാഗത്താണ് പുഴവെള്ളം റോഡിലൂടെ ഒഴുകുന്നത്. മഴ ഇനിയും ശക്തമായാൽ റോഡ് ഗതാഗതം പൂർണമായി നിലയ്ക്കും.
തമിഴ്നാട്ടിൽ ഉദ്ഭവിക്കുന്ന പൊന്നാനി പുഴയും നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ പുഴയും മുത്തങ്ങയ്ക്കടുത്ത് കുഴിമൂലയിൽ സംഗമിക്കുന്നതാണ് മൻമഥൻമൂല, തകരപ്പാടി, പൊൻകുഴി ഭാഗങ്ങളിൽ ജലവിതാനം ഉയരാനും പുഴ കരകവിയാനും ഇടയാക്കുന്നത്. വനത്തിൽനിന്നുള്ള മലവെള്ളവും കല്ലൂർ പുഴയിലാണ് എത്തുന്നത്.