മൂഴിമലയിൽ കാട്ടാനശല്യം രൂക്ഷം
1429256
Friday, June 14, 2024 6:08 AM IST
പുൽപ്പള്ളി: മൂഴിമല കുരിശുകവലയ്ക്ക് സമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സമീപത്തെ വനത്തിൽനിന്നു കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് കടന്നത്. വ്യാഴാഴ്ച പുലർച്ചവരെ കാട്ടാന കൃഷിയിടത്തിൽ തിന്നുമദിച്ചു നടന്നു.
പ്രദേശവാസികളായ കർഷകർക്ക് വലിയ നഷ്ടമാണുണ്ടായത്. ഒറ്റക്കുന്നേൽ തോമസ്, കോതാട്ടുകാലായിൽ ബേബി, കവുങ്ങുംപള്ളി തോമസ്, കോതാട്ടുകാലായിൽ ഗ്രേസി, ഒറ്റക്കുന്നേൽ ചാക്കോ തുടങ്ങിയ കർഷകരുടെ വാഴ, ഏലം, കാപ്പി, കമുക് തുടങ്ങിയ വിളകളെല്ലാം കാട്ടാന നശിപ്പിച്ചു.
കൃഷിയിടത്തിന്റെ അതിർത്തിയിലെ മുള്ളുവേലിയും ആന തകർത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാ ദിവസവും ഈ മേഖലയിൽ കാട്ടാനയിറങ്ങി നാശംവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ആനകളാണ് ജനവാസ മേഖലയിലെത്തിയത്. മൂഴിമല, കാപ്പിക്കുന്ന് വനഭാഗത്തുനിന്നാണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്.
വനാതിർത്തിയിൽ വനംവകുപ്പിന്റെ വൈദ്യുതി വേലിയുണ്ടെങ്കിലും ഇത് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത് നന്നാക്കുന്നതിനായി യാതൊരു നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ചേർന്ന് വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും ഇപ്പോൾ പ്രവർത്തന രഹിതമാണ്.
ഒരാഴ്ചക്കിടെ ഏക്കറുകണക്കിന് കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്.
ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകൾ ഇറങ്ങാൻ തുടങ്ങിയതോടെ കർഷകർക്ക് കൃഷിയിടങ്ങളിൽ ഇറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണ്. വീടിന്റെ മുറ്റത്തുപോലും കാട്ടാന എത്താൻ തുടങ്ങിയതോടെ കർഷകർ കടുത്ത ഭീതിയിലാണ്. വനംവകുപ്പ് വനാതിർത്തിയിലെ തകർന്നുകിടക്കുന്ന കിടങ്ങും വൈദ്യുതി വേലിയും നന്നാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.