ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സമാഹരണത്തിനായി വടംവലി ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കും
1417632
Saturday, April 20, 2024 6:07 AM IST
പുൽപ്പള്ളി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി പെരിക്കല്ലൂരിലെ വടംവലി പ്രേമികൾ നാളെ സംസ്ഥാന വടംവലി ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെരിക്കല്ലൂർ ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ കുന്നത്ത് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കേരള ഐആർഇ അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 39ഓളം ടീമുകൾ പങ്കെടുക്കും.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം സജ്ന സജീവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ-സംസ്ഥാന ചാന്പ്യൻമാരെ ആദരിക്കും. 33,333 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 22,222 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 15,555 രൂപയും ട്രോഫിയും നാലാം സമ്മാനമായി 10,001 രൂപയും ട്രോഫിയും നൽകും.
അഞ്ച് മുതൽ എട്ടുവരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 7500 രൂപയും ട്രോഫിയും, ഒന്പത് മുതൽ 16 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 5000 രൂപയും ട്രോഫിയും സമ്മാനമായി നൽകും. പ്രസിഡന്റ് വി.യു. ബിനോയി, സെക്രട്ടറി മനോജ് വല്ലത്ത്, കിഷോർ മോരുകുന്നേൽ, ബിജു താളിമറ്റം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.