കബനി നദി വറ്റിയതോടെ അതിർത്തി ഗ്രാമങ്ങൾ വരൾച്ചയുടെ പിടിയിൽ
1415971
Friday, April 12, 2024 6:01 AM IST
പുൽപ്പള്ളി: വേനൽ ശക്തമായതോടെ പുൽപ്പള്ളി മേഖല കൊടുംവരൾച്ചയിലേക്ക്. കബനി നദി പൂർണമായി വറ്റവരണ്ടതോടെ അതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം പൂർണമായി നിലച്ച അവസ്ഥയാണ്. കബനിയുടെ നദിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളം വറ്റി പാറക്കെട്ട് നിറഞ്ഞ അവസ്ഥയിലാണ്.
കബനി നദിയോട് ചേർന്ന കന്നാരം പുഴയും കടമാൻതോടും മുദ്ദള്ളിതോടും പൂർണമായി വറ്റിവരണ്ടതാണ് കാർഷിക മേഖലയ്ക്ക് തിരിച്ചടിയായത്. ബീച്ചനഹള്ളി ഡാമിൽ നിന്നും കൃഷിയാവശ്യത്തിനായി കർണാടക കൂടുതൽ വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയതോടെയാണ് കബനി നദിയിലെ ജലനിരപ്പ് രണ്ട് ദിവസത്തിനുള്ളിൽ കുത്തനെ താഴാൻ കാരണം.
ഇതുമൂലം കബനി കരയിലെ കൊളവള്ളി, മരക്കടവ് പാടശേഖരങ്ങളിൽ കർഷകർ സ്വന്തം ചെലവിൽ മോട്ടോർ സ്ഥാപിച്ച് പുഞ്ചകൃഷി ചെയ്ത കർഷകർക്ക് പുഴയിൽ വെള്ളമില്ലാത്തത് മൂലം ജലസേചന സൗകര്യം നടത്താൻ കഴിയാത്ത അവസ്ഥയാണ്. പുഴയുടെ പലഭാഗങ്ങളും പൂർണമായി വറ്റിവരണ്ട അവസ്ഥയാണ്.
ആഴമുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ പൂർണമായി വറ്റിവരളുമോയെന്ന ആശങ്കയാണ്. മാവിലാംതോട് മുതൽ കൊളവള്ളിവരെയുള്ള പുഴയുടെ പലഭാഗങ്ങളിലും വെള്ളം പാടെ താഴ്ന്നതോടെ പുഴയുടെ അക്കരെയിക്കരെ ആളുകൾക്ക് നടന്നുപോകാൻ കഴിയുന്ന അവസ്ഥയാണ്. 2004 ലാണ് കബനി നദി ഇത്രയും വെള്ളം താഴ്ന്നത്.
വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ കേരള കർണാടക അതിർത്തി പ്രദേശങ്ങളിലെ ബൈരക്കുപ്പ, മച്ചൂർ, കൊളവള്ളി, ഗൃഹന്നൂർ, മരക്കടവ് ഡിപ്പോ, പെരിക്കല്ലൂർ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന അവസ്ഥാണ്.