വരൾച്ച മേഖല കൃഷിമന്ത്രിയും ജലസേചന മന്ത്രിയും സന്ദർശിക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1415552
Wednesday, April 10, 2024 5:44 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലെ രൂക്ഷമായ വരൾച്ചയിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി, ചാമപ്പാറ, കുന്നത്തുകവല തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണ് സന്ദർശിച്ചത്.
വരൾച്ചയിൽ വ്യാപകമായ കൃഷി നാശമാണ് മേഖലയിൽ ഉണ്ടായിട്ടുള്ളതെന്നും കർഷകരുടെ കുരുമുളക്, വാഴ, കമുക്, കാപ്പി, ഏലം, കൊക്കോ തുടങ്ങി കാർഷിക വിളകൾ വ്യാപകമായി നശിച്ചെന്നും ഇത് നേരിൽ കാണുന്നതിന് ജലസേചന മന്ത്രിക്കും കൃഷിമന്ത്രിക്കും കത്ത് നൽകിയതായും എംഎൽഎ പറഞ്ഞു.
വരൾച്ചമൂലം കൃഷി നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ ജില്ല കളക്ടറോടും പ്രിൻസിപ്പൽ കൃഷി ഓഫീസറോടും ആവശ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു. കൃഷിനാശമുണ്ടായ കർഷകർക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തയാറാകണമെന്നും പ്രദേശവാസികൾ എംഎൽഎയോട് ആവശ്യപ്പെട്ടു. ജലസേചന സൗകര്യത്തിന്റെ അപര്യപ്തതമൂലമാണ് കാർഷിക വിളകൾ കരിഞ്ഞുണങ്ങാൻ കാരണമെന്നും കർഷകർ പറഞ്ഞു.
സീതാമൗണ്ടിലെ ജലസേചന പദ്ധതിക്കുള്ള വൈദ്യുതി കണക്ഷൻ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വകരിക്കുമെന്നും എംഎൽഎയോടെപ്പം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, പഞ്ചായത്തംഗം പി.കെ. ജോസ്, വർഗീസ് മുരിയൻകാവിൽ, എൻ.യു. ഉലഹന്നാൻ, സുനിൽ പാലമറ്റം, ശിവരാമൻ പാറക്കുഴി, ഷിനോ, മനോജ്, സണ്ണി കുളിരേൽ, വിദ്യാധരൻ, വിൽസണ് എന്നിവരുമുണ്ടായിരുന്നു.
വരൾച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണം: കർഷക കോണ്ഗ്രസ്
പുൽപ്പള്ളി: വയനാടിനെ വരൾച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് കർഷക കോണ്ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വേനൽമഴ ലഭിക്കാത്തതിനാൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയാണ്. വീടുകളിലേക്കാവശ്യമായ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
വെള്ളമില്ലാത്തതിനാൽ കന്നുകാലികളെ വിറ്റൊഴിവാക്കുകയാണ് ക്ഷീരകർഷകർ. ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് പോകുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചസംഭവിച്ചിട്ടുണ്ട്. ഇവിടുത്തെ പ്രശ്നങ്ങളോട് സംസ്ഥാന സർക്കാര് മുഖംതിരിഞ്ഞുനിൽക്കുകയാണ്.
രൂക്ഷമായ വരൾച്ച നേരിടുന്ന മുള്ളൻകൊല്ലി, പുൽപ്പള്ളി പ്രദേശങ്ങൾ മന്ത്രിമാരുടെ പ്രതിനിധിസംഘം സന്ദർശിക്കണം. വരൾച്ചമൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനൊപ്പം ഇവരുടെ വായ്പകളും എഴുതിത്തള്ളണം. ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി നിരക്കിൽ വിതരണം ചെയ്യണം.
ഈ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, വർഗീസ് മുരിയൻകാവിൽ, എൻ.ആർ. പരിതോഷ് കുമാർ, പി.എം. കുര്യൻ, ബിനു നടുപറന്പിൽ തുടങ്ങിയവർ പങ്കെടുത്തു.
കളക്ടർ അടിയന്തരമായി ഇടപെടണം: സിപിഎം
പുൽപ്പള്ളി: പുൽപ്പള്ളി, പാടിച്ചിറ വില്ലേജുകളിലും പൂതാടി പഞ്ചായത്ത്പരിധിയിലും അതിരൂക്ഷമായ വരൾച്ചയാണ്. വരൾച്ച മൂലമുള്ള പ്രതിസന്ധി നേരിടുന്നതിന് ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് സിപിഎം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപെട്ടു.
കബനി നദിയിൽ നിന്നു വെള്ളം പന്പു ചെയ്തെടുക്കുന്ന സ്ഥലങ്ങളിലെല്ലാം അസാധാരണമാംവിധം ജലം വറ്റിക്കൊണ്ടിരിക്കുന്നു. കാർഷിക വിളകൾ, കുരുമുളക്, കാപ്പി, കമുക്, തെങ്ങ് തുടങ്ങിയവയെല്ലാം കരിഞ്ഞുണങ്ങി. കുഴൽക്കിണറുകൾ, സാധാരണകിണറുകൾ, കുളങ്ങൾ, കൈത്തോടുകൾ, ഉറവച്ചാലുകൾ എന്നിവ വരണ്ടുണങ്ങി.
പുൽപ്പള്ളിയുടെ ബദൽ സാന്പത്തിക മാർഗമായിരുന്നു ക്ഷീരമേഖല. ക്ഷീര മേഖല അതിരൂക്ഷമായ ജലദൗർലഭ്യം മൂലം വലിയ പ്രതിസന്ധി നേരിടുകയാണ്. വലിയ പശുഫാമുകൾ നടത്തുന്നവർ പശുക്കളുടെ എണ്ണം കുറച്ചു. പുൽപ്പള്ളി പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടും കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ഒരു നടപടിയും എടുത്തിട്ടില്ല.
മുള്ളൻകൊല്ലി, പൂതാടി എന്നിവിടങ്ങളിലെ ജലവിതരണം ഭാഗികമായെ നടക്കുന്നുള്ളു. അതിരൂക്ഷമായ വരൾച്ചയിൽ കരിഞ്ഞു പോയ കൃഷിത്തോട്ടങ്ങൾ കൃഷിവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. അവരുടെ തുടർ നടപടികൾ വേഗത്തിലാക്കണം.
കടമാൻതോട് പൂർണമായും വറ്റിവരണ്ടു. വയലുകൾ കൃഷിചെയ്യാനാവത്ത വിധം വീണ്ടു കീറി. വണ്ടിക്കടവ്, കൊളവള്ളി, മരക്കടവ്, മരക്കടവ് ഡിപ്പോ, പഞ്ഞിമുക്ക്, പെരിക്കല്ലൂർ, പാതിരി തുടങ്ങിയ പ്രദേശങ്ങൾ, പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ, കോളനികൾ തുടങ്ങിയ മുഴുവൻ പ്രദേശങ്ങളും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്.
ജലനിധി, ജൽജീവൻ മിഷൻ എന്നിവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തണം. ഈ പ്രദേശങ്ങളുടെ രൂക്ഷമായ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സജി മാത്യു അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, എ.വി. ജയൻ, ബിന്ദു പ്രകാശ്, പി.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.