മരക്കച്ചവടം: വ്യാപാരി, തൊഴിലാളി ബന്ധം ഉലയുന്നു
1375580
Sunday, December 3, 2023 7:26 AM IST
കൽപ്പറ്റ: വയനാട്ടിൽ മരം വ്യാപാരികളും കയറ്റിറക്ക് തൊഴിലാളികളുമായുള്ള ബന്ധം ഉലയുന്നു. കച്ചവടക്കാർ യന്ത്രസഹായത്തോടെയും സ്വന്തം തൊഴിലാളികളെ നിയോഗിച്ചും കയറ്റിറക്ക് നടത്തുന്പോൾ വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ സംഘടിച്ചെത്തി കൂലി കിട്ടണമെന്നു ശഠിക്കുന്നത് പലേടത്തും പ്രശ്നങ്ങൾക്കു കാരണമാകുകയാണ്.
കഴിഞ്ഞ ദിവസം മീനങ്ങാടി അപ്പാടിൽ അന്പലവയൽ എടക്കല്ല് സ്വദേശിയായ വ്യാപാരി അബൂബക്കർ മറ്റൊരാളുടെ സഹായത്തോടെ ഗുഡ്സ് ജീപ്പിൽ പ്ലാവിന്റെ മുട്ടികൾ കയറ്റുന്നതിനിടെ എത്തിയ സംഘടിത തൊഴിലാളികൾ കൂലി ആവശ്യപ്പെട്ടത് കൈയാങ്കളിയിലെത്തി. സംഘർഷത്തിനിടെ തലയ്ക്കു പരിക്കേറ്റ അബൂബക്കർ ചികിത്സയിലാണ്. തൊഴിലാളികൾ മർദിച്ചെന്നും പോക്കറ്റിൽ ഉണ്ടായിരുന്ന 2,000 രൂപ പിടിച്ചുവാങ്ങിയെന്നും ആരോപിച്ച് അദ്ദേഹം ബത്തേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തെക്കേവയനാടിന്റെ പല ഭാഗങ്ങളിലും ട്രേഡ് യൂണിയൻ നേതൃത്വം മരം വ്യവസായത്തെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. ജാബിർ കരണി, സെക്രട്ടറി കെ.സി.കെ. തങ്ങൾ, ട്രഷറർ വി.ജെ. ജോസ്, പി.ജെ. ഏലിയാസ്, ഇ.പി. ഫൈസൽ, എം. തങ്കപ്പൻ, ആർ. വിഷ്ണു എന്നിവർ പറഞ്ഞു. പുൽപ്പള്ളി, മുള്ളൻകൊല്ലി ഉൾപ്പെടെ പ്രദേശങ്ങളിൽ മരം കയറ്റിറക്കു തൊഴിലാളികൾക്കു അന്യായ കൂലി നൽകാൻ കച്ചവടക്കാർ നിർബന്ധിതരാകുകയാണ്.
യന്ത്രസഹായത്തോടെ തടി വാഹനങ്ങളിൽ കയറ്റുന്നതിനും തൊഴിലാളികൾക്ക് കൂലി നൽകേണ്ട ഗതികേടാണുള്ളത്. ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ മുഖേന സമർപ്പിച്ച ഹരജിയിൽ കക്ഷികളായ 250ൽപരം കച്ചവടക്കാർക്ക് യന്ത്രസഹായത്തോടെയും ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിച്ചും തടി, മുട്ടി, വിറക് എന്നിവ കയറ്റുന്നതിനും ഇറക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുവാദം നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് കഴിഞ്ഞ ദിവസം മീനങ്ങാടി അപ്പാടിൽ കണ്ടത്.
മരം കയറ്റിറക്ക് രംഗത്തെ പ്രശ്ന പരിഹാരത്തിന് നടത്തുന്ന ചർച്ചകൾ ട്രേഡ് യൂണിയൻ നേതാക്കളുടെ ദുർവാശിമൂലം ഫലവത്താകുന്നില്ല. ജില്ലയിൽ മരം, മുട്ടി, വിറക് കയറ്റിറക്കുകൂലി ഏകീകരിക്കുന്നതിന് തൊഴിൽ വകുപ്പ് അധികാരികളുടെ കാര്യക്ഷമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു