പ്രായപൂർത്തിയാവാത്ത വിദ്യാർഥി പിടിയിൽ
1281968
Wednesday, March 29, 2023 12:27 AM IST
നാദാപുരം: നാദാപുരം പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ട അക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയാണ് പിടിയിലായത്. പോലീസ് പിടിയിലായ വിദ്യാർഥിയെ അക്രമത്തിനിരയായ യുവാവിന്റെ വനിത സുഹൃത്ത് തിരിച്ചറിഞ്ഞതായാണ് സൂചന.കേസിൽ അകപ്പെട്ട പ്രതികളെ പിടികൂടാനായി ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നാദാപുരം എസ്ഐയുടെ കീഴിൽ വനിത പോലീസുകാർ ഉൾപ്പെടെ ഒമ്പത് അംഗങ്ങൾ അടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിലാണ് പേരോട് വനിത സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പ്രദേശവാസികളായ 20 ഓളം പേർ മാരകായുധങ്ങളുമായി വീട് കയറി അക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചത്. സംഭവത്തിൽ 20 പേർക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർഥി ഉൾപ്പെടെ രണ്ട് പ്രതികളെ മാത്രമാണ് പിടികൂടാനായത്. കേസിലെ പ്രധാന പ്രതി രാജ്യം വിട്ടതും പോലീസിന് തിരിച്ചടിയായി. യുവാക്കളുടെ കൂട്ട അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കൂത്ത് പറമ്പ് സ്വദേശി വിശാഖ് വിനയൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.