ചെറുധാന്യ വർഷാചരണം: ശിൽപശാല നടത്തി
1279765
Tuesday, March 21, 2023 11:17 PM IST
മാനന്തവാടി: അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി, കിസാൻ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നബാർഡ് തോണിച്ചാലിൽ ജില്ലാതല ശിൽപശാല നടത്തി. പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ചെറുധാന്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആശാവഹമാണെന്നു അദ്ദേഹം പറഞ്ഞു.
തിരുനെല്ലി അഗ്രിക്കൾച്ചറൽ എഫ്പിഒ, അമരക്കുനി വാട്ടർഷെഡ്, ബ്രഹ്മഗിരി വാട്ടർ ഷെഡ് എന്നിവയ്ക്കുള്ള കരുതൽ വിത്ത് കൈമാറ്റവും പദ്മശ്രീ രാമൻ നിർവഹിച്ചു. അദ്ദേഹത്തെയും സംസ്ഥാന സംരക്ഷക കർഷക അവാർഡ് ജേതാവ് ബാലകൃഷ്ണൻ കമ്മനയെയും ആദരിച്ചു. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ഡോ.സഫീന അധ്യക്ഷത വഹിച്ചു.
നബാർഡ് ജില്ലാ അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ വടക്കുംപറന്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി, കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.
ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളും മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യതയും, പൊതുജനങ്ങൾക്കുള്ള സാമൂഹിക-സാന്പത്തിക സുരക്ഷാപദ്ധതികൾ, ചെറുധാന്യ കൃഷിരീതികൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. അന്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.സഫിയ, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ, കെവികെ സ്പെഷലിസ്റ്റ് അരുൾ അരശൻ എന്നിവർ നേതൃത്വം നൽകി.