അറവു മാലിന്യം തള്ളിയതിന് പിഴ ചുമത്തി
1530728
Friday, March 7, 2025 5:17 AM IST
കോടഞ്ചേരി: ജില്ലയിലെ വിവിധ പോത്ത് അറവ് ശാലകളിൽനിന്നും ശേഖരിച്ച് മാലിന്യം അനധികൃതമായി കൈനടി എസ്റ്റേറ്റിൽ കുഴിച്ചിടുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അനധികൃതമായി അറവു മാലിന്യം കടത്തിയ വാഹന ഉടമയ്ക്കെതിരേയും അശാസ്ത്രീയമായി സ്വകാര്യ ഇടത്തിൽ മാലിന്യം കുഴിച്ചുമൂടിയ സ്ഥല ഉടമയ്ക്കെതിരേയും 5,000 രൂപ വീതം ഫൈൻ ചുമത്തി.
അനധികൃതമായി മാലിന്യങ്ങൾ കടത്തുന്നവർക്കെതിരെയും അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെയും കർക്കശമായ നിയമ നടപടികൾ പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു.
നിയമപരമായിയുള്ള അനുമതികൾ ലഭിക്കുന്നതുവരെ അനധികൃതമായി മാലിന്യം കുഴിച്ചുമൂടൽ എസ്റ്റേറ്റ് പരിധിയിൽ നടത്തുവാൻ പാടില്ലെന്ന് ഉന്നത അധികാരി സമിതിയോഗം വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താമരശേരി തഹസിൽദാർ ബൽരാജ്, താമരശേരി ഡിവൈഎസ്പി കെ. സുഷീർ, വൈസ് പ്രസിഡന്റ് ജമീല അസീസ്, സെക്രട്ടറി കെ. സീനത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്ഐ ഇ.എം. സന്ദീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ സംബന്ധിച്ചു.