രേഖകളില്ലാതെ കടത്തുകയായിരുന്ന പതിനൊന്നര ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍
1531227
Sunday, March 9, 2025 4:27 AM IST
നാദാപുരം: രേഖകളില്ലാതെ ബൈക്കിൽ കൊണ്ട് പോകുകയായിരുന്ന പതിനൊന്നര ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പിടിയിൽ. കല്ലാച്ചി വരിക്കോളി സ്വദേശി തൈയ്യുള്ളതിൽ വീട്ടിൽ അബ്ദുൾ അസീസ് ( 36 ) നെയാണ് എടച്ചേരി ഇൻസ്പെക്ടർ ടി.കെ. ഷിജു പിടികൂടിയത്.
അസീസ് സഞ്ചരിച്ച ബൈക്കിൽ നിന്ന് 11,54,200 രൂപ പോലീസ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് തലായി - മുതുവടത്തൂർ റോഡിൽ മയക്ക് മരുന്ന് പരിശോധനയുടെ ഭാഗമായി വാഹന പരിശോധനക്കിടെ അബ്ദുൾ അസീസ് സഞ്ചരിച്ച ബൈക്ക് കൈ കാണിച്ച് നിർത്തി പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ 500 രൂപയുടെ വിവിധ കെട്ടുകളാക്കി സൂക്ഷിച്ചുവച്ച നിലയിലായിരുന്നു പണം.
നാദാപുരം, പുറമേരി, തലായി, മുതുവടത്തൂർ മേഖലകളിൽ വിതരണം ചെയ്യാനായി വടകര കോട്ടപ്പള്ളി സ്വദേശിയാണ് പണം ഏൽപ്പിച്ചതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി.