വിലങ്ങാട് ദുരിത ബാധിതർക്കായി വീട് നിർമിച്ചു നൽകുന്നു
1531246
Sunday, March 9, 2025 4:45 AM IST
താമരശേരി: 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയ്ക്കല്‍ പൂക്കിപ്പറമ്പിലുണ്ടായ ബസ് അപകടത്തില്‍ ജീവന് പൊലിഞ്ഞ തങ്ങളുടെ അഞ്ചു പ്രിയ സുഹൃത്തുക്കളുടെ ഓർമ്മക്കായ്ക്കായി ആറ് വീടുകൾ നിർമിച്ച് നൽകി ജീസസ് യൂത്ത്.
വിലങ്ങാട് ഉരുൾപൊട്ടലിൽ വീടുൾപ്പെടെ സർവതും നഷ്ടപ്പെട്ടവർക്കാണ് വീടുകൾ കൈമാറുന്നത്. പത്തിന് താമരശേരി അണ്ടോണയിൽ നിർമിച്ച വീടിന്റെയും 11 ന് കൂടത്തായിയിൽ നിർമിച്ച നാലു വീടുകളുടെയും എപ്രിൽ 26ന് കൂരാച്ചുണ്ടിൽ പണിത വീടിന്റെയും താക്കോലുകൾ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൈമാറും. 26 ന് കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതലയും പങ്കെടുക്കും. 87 ലക്ഷം രൂപ ചെലവിലാണ് വീടുകൾ നിർമിച്ചത്. രണ്ട് മുറികളും ഒരു ഹാളും സിറ്റൗട്ടും അടങ്ങിയതാണ് വീടുകൾ.
കോവിഡ് കാലത്ത് ഭുരിതമനുഭവിക്കുന്നവർക്കു വേണ്ടി ആരംഭിച്ച നല്ല അയൽക്കാരൻ പദ്ധതിയിലൂടെയാണ് വീടുകൾ നിർമിച്ചത്. 2001 മാർച്ച് 11ന് കോട്ടയ്ക്കൽ പുക്കിപ്പറമ്പിലാണ് അതിദാരുണമായ ബസ് അപകടം നടന്നത്.