സരോവരം ബയോപാർക്ക് നവീകരണം ആറുമാസത്തിനകം പൂര്‍ത്തിയാക്കും
1531236
Sunday, March 9, 2025 4:42 AM IST
കോഴിക്കോട്: സരോവരം ബയോപാർക്ക് നവീകരണ പ്രവൃത്തി ആറുമാസത്തിനകം പൂര്‍ത്തിയാക്കും. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ 2.19 കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ജൈവവൈവിധ്യ കേന്ദ്രമായ പാർക്കിലെ കണ്ടൽക്കാടുകളെയും അത്യപൂർവ സസ്യലതാദികളെയും ജീവജാലങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള നവീകരണമാണ് നടപ്പാക്കുന്നത്.
ഓപ്പൺ എയർ തിയറ്റർ, ബയോപാർക്കിനുള്ളിലെ കല്ലുപാകിയ നടപ്പാത, റെയിൻ ഷെൽട്ടറുകൾ, കുട്ടികളുടെ പാർക്ക്, ചുറ്റുമതിൽ, മരംകൊണ്ടുള്ള ചെറുപാലങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, കഫ്റ്റീരിയ, കവാടം എന്നിവ നവീകരിക്കും. കൂടാതെ പാർക്കിൽ സിസിടിവി കാമറയും സ്ഥാപിക്കും. ആറുമാസത്തിനകം നവീകരണം പൂർത്തിയാക്കും.
ഇരിപ്പിടങ്ങളിൽ തുരുമ്പെടുത്തതും പൊട്ടിയതുമാണ് ആദ്യം നന്നാക്കുക. കേടായ വിളക്കുകാലുകൾ നന്നാക്കും. ആവശ്യമായ ഭാഗങ്ങളിൽ പുതിയവ സ്ഥാപിക്കും. റെയിൻ ഷെൽട്ടറുകളുടെ നവീകരണമാണ് നിലവിൽ നടക്കുന്നത്. പഴയ ഓടുകൾ മാറ്റിസ്ഥാപിക്കൽ, പെയിന്റിംഗ്, വെൽഡിംഗ് പ്രവൃത്തി പുരോഗമിക്കുകയാണ്.
പാർക്കിലെത്തുന്നവർക്കായി പ്രകൃതിപഠനമൊരുക്കാനും പദ്ധതിയുണ്ട്. സരോവരത്തിലെ ജൈവവൈവിധ്യം ഡിജിറ്റൽ ഡിസ്പ്ലേ വഴി പരിചയപ്പെടുത്തുന്ന സംവിധാനമുണ്ടാകും. ഓൺലൈൻ വഴി കാര്യങ്ങൾ മനസ്സിലാക്കാനും സൗകര്യമൊരുക്കും. കണ്ടൽക്കാടുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ട് പരിസ്ഥിതി സൗഹൃദ പാർക്കായാണ് സരോവരം ബയോപാർക്ക് ആരംഭിച്ചത്.
പ്രഭാത സവാരിക്കും വ്യായാമത്തിനും ധാരാളം ആളുകൾ എത്തുന്നയിടം കൂടിയാണിത്. ഇവർക്കായി ഓപ്പൺ ജിം നിലവിലുണ്ട്. കനാൽ നടപ്പാത, ബോട്ടിംഗ് സൗകര്യം, ചിത്രശലഭ പാർക്ക്, പക്ഷി സങ്കേതം, ബോർഡ്- വാക്ക്, പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, ഓപ്പൺ എയർ തിയറ്റർ എന്നിവയാണ് പാർക്കിലെ പ്രധാന ആകർഷണങ്ങൾ. കനോലി കനാലിനോട് ചേർന്ന് 200 ഏക്കറിലാണ് പാർക്ക്.