പൊതുശ്മശാനത്തിന് മുഖ്യപരിഗണന നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി
1530732
Friday, March 7, 2025 5:17 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് 11-ാം വാർഡിലെ പൊന്നുണ്ടമലയിൽ സർക്കാർ അനുവദിച്ച നിർദ്ദിഷ്ട ശ്മശാന ഭൂമിയിൽ വാതക ശ്മശാനം നിർമിക്കുന്ന കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി മുഖ്യ പരിഗണന നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദിന്റെ അധ്യക്ഷതയിൽ സമരസമിതിയെ വിളിച്ചുചേർത്ത യോഗത്തിൽ പ്രസിഡന്റ് അറിയിച്ചു.
രണ്ടരക്കോടിയോളം രൂപ ചെലവഴിച്ച് വാതക ശ്മശാനം നിർമിക്കാൻ സർക്കാർ ഭരണാനുമതി നൽകിയിട്ടും പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് അലംഭാവം കാട്ടുന്നതിനെതിരേ സമരസമിതി സമര പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് യോഗം വിളിച്ചുചേർത്തത്.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് സമർപ്പിക്കേണ്ട രേഖകളിൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് മാത്രമേ ലഭിക്കാനുള്ളുവെന്നും ഉടൻ അത് ലഭ്യമാക്കി ഇംപാക്ട് കേരളക്ക് നൽകുമെന്നും സമരസമിതിയുടെ സഹകരണത്തോടെ തുടർ നടപടികൾക്കായി തിരുവനന്തപുരത്ത് പോകുമെന്നും പഞ്ചായത്ത് ഉറപ്പു നൽകി.
പഞ്ചായത്ത് ഭരണസമിതി നൽകിയ ഉറപ്പിൽ വിശ്വാസമർപ്പിച്ചുകൊണ്ട് സമരസമിതി ഒന്പതിന് ആരംഭിക്കാനിരുന്ന പ്രക്ഷോഭ പരിപാടികൾ നിർത്തിവച്ചതായും സമരസമിതി നേതാക്കൾ അറിയിച്ചു. ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, പഞ്ചായത്ത് അംഗങ്ങളായ സിനി ഷിജോ, വിജയൻ കിഴക്കയിൽമീത്തൽ,
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.സി. മനിൽകുമാർ, പി.കെ. ജംസിൽ, സമരസമിതി ഭാരവാഹികളായ അശോകൻ കുറുങ്ങോട്ട്, ഒ.ഡി. തോമസ്, ഷിബു കട്ടയ്ക്കൽ, ബാലകൃഷ്ണൻ കുറ്റ്യാപ്പുറത്ത്, പവിത്രൻ തൂങ്കുഴി എന്നിവർ യോഗത്തിൽ പങ്കെടുത്തു.