മനുഷ്യരക്ഷാകവചം പ്രദർശിപ്പിച്ചു
1531250
Sunday, March 9, 2025 4:45 AM IST
കൂടരഞ്ഞി: വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ കവചമായി വനാതിർത്തിയിൽ സ്ഥാപിക്കാൻ സാധിക്കുന്ന പുതിയ അനിഡേർസ് എന്ന ഉപകരണത്തിന്റെ മാതൃക എംഎൽഎ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മുന്നിൽ പ്രദർശിപ്പിച്ചു.
സോളാർ എനർജിയിലൂടെ ഇൻഫ്രാറെഡ് സിഗ്നൽ സഹായത്തോടെ അനിഡേർസ് രാത്രിയിൽ മാത്രമോ, അല്ലെങ്കിൽ മുഴുവൻ സമയവുമോ പ്രവർത്തിപ്പിക്കാൻ കഴിയും. ശരീര ഊഷ്മാവുള്ള ഏതൊരു ജീവിയും ഈ ഉപകരണത്തിന്റെ 15 മീറ്റർ ദൂര പരിധിയിൽ എത്തിപ്പെടുകയാണെങ്കിൽ വലിയ ശബ്ദത്തിൽ അലാറം അടിക്കുകയും ഇതിൽ ഘടിപ്പിച്ച ലൈറ്റു തെളിയുകയും ചെയ്യും.
ഇതോടെ പരിസര പ്രദേശത്തുള്ളവർക്കു മുൻകരുതലുകളെടുക്കാനാകും. ഡൽഹി ആസ്ഥാനമായ ക്യാരി എന്ന സ്ഥാപനം ആറു വർഷത്തെ പഠനത്തിന് ശേഷമാണ് ഇത്തരമൊരു ഉപകരണം പുറത്തിറക്കിയത്.
ലിന്റോ ജോസഫ് എംഎൽഎ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, മറ്റു ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി വകുപ്പുദ്യോഗസ്ഥർ എന്നിവരുടെ മുന്നിലാണ് പ്രദർശനം നടത്തിയത്.