മലിനജലം പൊതു ഓടയിലൊഴുക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഒത്താശ; ആരോഗ്യ വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് നീക്കം പാളി
1530731
Friday, March 7, 2025 5:17 AM IST
നാദാപുരം: ടൗൺ നവീകരണ പ്രവൃത്തി നടത്തുന്ന കല്ലാച്ചിയിൽ സൂപ്പർ മാർക്കറ്റിലെ മലിനജലം ടൗണിലെ പൊതു ഓടയിലേക്ക് ഒഴുക്കി വിടാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി പരാതി. ജലജന്യ രോഗങ്ങളും സാംക്രമിക രോഗങ്ങളും ശമനമില്ലാതെ തുടരുന്നതിനിടയിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ നിലപാട്.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് സംസ്ഥാന പാതയുടെ ഭാഗമായ കല്ലാച്ചി ടൗൺ റോഡ് വീതി കൂട്ടി അഴുക്കുചാലുകൾ പണിയാനും ടാറിംഗ് നടത്താനുമാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പല കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ പൊളിച്ചു മാറ്റിയാണ് ടൗണിന്റെ ഓരോ വശത്തുനിന്നും ഒന്നര മീറ്റർ വീതിയിൽ റോഡ് വികസിപ്പിച്ച് ഓട നിർമിക്കുന്നത്.
ഇങ്ങിനെ പുതുതായി നിർമിക്കുന്ന ഓടയിലേക്ക് കെട്ടിടങ്ങളിലെ മലിന ജലകുഴൽ സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകിയിരിക്കുന്നത്. ഇത്തരം കുഴലുകളിലൂടെ കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യം അടക്കം ഒഴുക്കിവിട്ട നിരവധി സംഭവങ്ങൾ കല്ലാച്ചിയിൽ തന്നെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ചൊച്ചാഴ്ച രാത്രിയുടെ മറവിൽ മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ട കൂൾബാർ ആ രോഗ്യ വകുപ്പ് അടച്ചുപൂട്ടിയതാണ് ഒടുവിലത്തെ സംഭവം.
ഇതിനിടയിലാണ് കല്ലാച്ചി ടൗണിലെ സൂപ്പർ മാർക്കറ്റിനകത്ത് നിന്നുള്ള മലിനജലം ഒഴുക്കിവിടാനായി പൈപ്പ് സ്ഥാപിക്കാൻ പാകത്തിൽ ഓടയുടെ വശത്തുള്ള കോൺക്രീറ്റ് കട്ട് ചെയ്തു കൊടുത്തിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
കെട്ടിടത്തിനുള്ളിൽ നിന്നുള്ള പൈപ്പുകൾ പൊതു ഓടയിലേക്ക് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം പാളി.