പോലീസ് അതിക്രമം : കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് 15ന് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും
1531242
Sunday, March 9, 2025 4:42 AM IST
പേരാമ്പ്ര: കീഴ്പ്പയ്യൂർ പുറക്കാമലയിൽ കരിങ്കൽ ഖനന വിരുദ്ധ സമരം നടത്തുന്ന സംരക്ഷണ സമിതി പ്രവർത്തകർക്കെതിരേ മേപ്പയ്യൂർ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടും 15 ന് രാവിലെ പത്തിന് പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുവാൻ തീരുമാനിച്ചു.
മൂന്നൂറിലധികം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. പലരുടെയും പേരിൽ നാലും അഞ്ചും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്താണ് കേസെടുക്കുന്നത്. സംരക്ഷണ സമിതി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നു. ഏറ്റവും ഒടുവിലായി 15 വയസ് മാത്രം പ്രായമുള്ള പത്താം തരം വിദ്യാർഥിയെ മേപ്പയ്യൂർ പോലീസ് നാല് ദിവസം മുമ്പ് ഉപദ്രവിച്ചു. വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടേണ്ടുന്ന അവസ്ഥയുണ്ടായി.
പോലീസിന്റെ അതിക്രമത്തിനെതിരേ ജനപ്രതിനിധികൾ രംഗത്തുവന്നിട്ടുണ്ട്. പോലീസിന്റെ അതിക്രമത്തിനെതിരേ നാട്ടിലെങ്ങും ജനരോഷമുണർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 15 ന് പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്താൻ തീരുമാനിച്ചത്.
പുറക്കാമല സംരക്ഷണ സമിതി കൺവീനർ എം.എം. പ്രജീഷ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇല്യാസ് ഇല്ലത്ത്, കെ. ലോഹ്യ, വി.എ. ബാലകൃഷ്ണൻ, എ.കെ. ബാലകൃഷ്ണൻ, കീഴ്പോട്ട് മെയ്തീൻ, എം.കെ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.