ടൗണ്‍ഹാള്‍ നവീകരണം: മേയറുടെ വിശദീകരണം വസ്തുതാവിരുദ്ധമെന്ന് യുഡിഎഫ്
1531240
Sunday, March 9, 2025 4:42 AM IST
കോഴിക്കോട്: നവീകരണ പ്രവൃത്തി നടന്ന ടൗണ്‍ഹാളിനെ കുറിച്ച് മേയറും കോര്പറേഷന് ഓഫീസിനെ കുറിച്ച് യുഎല്‍സിസിയും നല്കിയ വിശദീകരണം വസ്തുതാ വിരുദ്ധമാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി.
ടൗണ്‍ഹാള്‍ ചോര്‍ന്നൊലിച്ച സംഭവത്തെ നിസാരവല്‍ക്കരിക്കുന്ന മേയര്‍ക്ക് കരാറുകാരന്റെ ഭാഷയാണ്. ഡിടിപിസിയെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് മേയര്‍ക്ക് ഹാള്‍ നേരിട്ട് വന്ന് കാണാമായിരുന്നു. ഒരാഴ്ചയായി സ്ഥലത്തില്ലാത്ത മേയര്‍ കൊല്ലത്ത് നിന്ന് പ്രസ്താനയിറക്കിയത് ശരിയല്ലെന്നും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി. ശോഭിതയും ഡെപ്യുട്ടി ലീഡര്‍ കെ.മൊയ്തീന് കോയയും പ്രസ്താവനയില്‍ പറഞ്ഞു. കോര്പ്പറേഷന് ഓഫീസ് പ്രവൃത്തി അഞ്ച് വര്‍ഷമായിട്ടും അവസാനിച്ചില്ല.
കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് യുഎല്‍സിസിക്ക് നല്‍കിയത് ഒമ്പത് കോടിയുടെ കരാര്‍ ആണ്. ഇപ്പോള്‍ 19 കോടിയായി ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ചുറ്റുമതില്‍, ലാന്റ് സ്ക്കെപ്പിംഗ് പ്രവൃത്തിക്ക് മൂന്ന് കോടിയാണ് ചെലവിട്ടത്. ഓഫീസ് നവീകരണത്തില്‍ ആര്‍ക്കും പരാതിയില്ലെന്ന കോര്പ്പറേഷന് അവകാശ വാദം അവജ്ഞയോടെ തള്ളുന്നു. കോഴിക്കോട്ടെ പൊതു സമൂഹവും ഓഫീസ് നവീകരണത്തില്‍ വലിയ ക്രമക്കേട് നടന്നുവെന്ന് വിശ്വസിക്കുന്നു.
ഉപാധിയില്ലാതെ എല്ലാ പ്രവൃത്തിയും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് ക്രമക്കേട് തന്നെയാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു.