പോലീസ് പരിശോധനയില്‍നിന്നും രക്ഷപ്പെടാന്‍ എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു
1531224
Sunday, March 9, 2025 4:27 AM IST
കോടഞ്ചേരി (കോഴിക്കോട്): പോലീസ് പരിശോധനയില്‍നിന്നും രക്ഷപ്പെടാന്‍ എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടൻ ഷാനിദാണ് (28)മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
വെള്ളിയാഴ്ച രാത്രി പോലീസ് പട്രോളിംഗിനിടെയാണ് അമ്പായത്തോട്ടുവച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടുന്നത്. പോലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലുണ്ടായിരുന്ന രണ്ട് എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങുകയായിരുന്നു. യുവാവ് ഓടുന്നതിനിടയിൽ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പോലീസ് കണ്ടിരുന്നു. അപകടം മനസിലാക്കിയ പോലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടി. വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് ഷാനിദ് തന്നെയാണ് പോലീസിനോട് പറഞ്ഞത്.
ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചു.130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം. അതിനിടയിലാണ് ഇന്നലെ രാവിലെ മരണം സംഭവിച്ചത്. ഷാനിദിനെതിരേ കോടഞ്ചേരി, താമരശേരി പോലീസ് സ്റ്റേഷനുകളില്‍ ലഹരിവില്‍പ്പന നടത്തിയതിന് കേസുകളുണ്ട്. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഗള്‍ഫിലെ ജോലി മതിയാക്കി മയക്കുമരുന്നിലേക്ക്, ഒടുവില്‍ മരണം
കോഴിക്കോട്: താമരശേരി അമ്പായത്തോട്ട് പോലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതിയോടെ വിഴുങ്ങിയതുമൂലം മരിച്ച കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശി ഷാനിദിനെതിരെ രണ്ട് ലഹരിമരുന്ന് കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ്. താമരശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി എംഡിഎംഎ വില്‍ക്കുന്നതായി നാട്ടുകാര്‍ നേരത്തേ പരാതി ഉയര്‍ത്തിയിരുന്നു.
ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടില്‍ വന്ന ശേഷമാണ് ഷാനിദ് ലഹരിമരുന്ന് വില്പനയില് സജീവമാകുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതേകാലോടു കൂടിയാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഉയര്‍ന്നതോതില്‍ എംഡിഎംഎ വയറ്റില്‍ കലര്‍ന്നതാണ് 24 മണിക്കൂറിനകം മരണത്തിനിടയാക്കിയത്. ഷാനിദ് നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നില്ലെന്നാണ് അയാള്‍ താമസിച്ചിരുന്ന വീടിന് സമീപമുള്ളവര്‍ പറയുന്നത്.
അമ്പായത്തോട് പാറമ്മല്‍ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടില്‍ പിതൃമാതാവിനൊപ്പമായിരുന്നു ഷാനിദ് താമസിച്ചിരുന്നത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഷാനിദ് വീട്ടില്‍ എത്തിയിരുന്നത്. വൈകിയതിന്റെ പേരില്‍ ശകാരിക്കാറുണ്ടായിരുന്നെങ്കിലും തിരിച്ച് ദേഷ്യപ്പെടുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
വീട്ടില്‍ ഇതുവരെ ലഹരി വസ്തുകള്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതേസമയം, രണ്ട് വര്‍ഷത്തിലധികമായി ഷാനിദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഷാനിദ് താമസിച്ചിരുന്ന സ്ഥലത്ത് ആളുകളുമായി അയാള്‍ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പോലീസ് പിടികൂടിയപ്പോള്‍ത്തന്നെ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് പറഞ്ഞതിനാല്‍ ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്കോപ്പിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ടു പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
രണ്ടു കവറുകളിലായി എംഡിഎംഎയാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നു. മുകള്ഭാഗം അമര്‍ത്തിയൊട്ടിക്കുന്ന തരത്തിലുള്ള സിപ് കവറുകളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.