മഞ്ഞപ്പിത്തം: താമരശേരിയിൽ കടകളിൽ വ്യാപക പരിശോധന
1530727
Friday, March 7, 2025 5:17 AM IST
താമരശേരി: മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ താമരശേരി പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൂടെ മഞ്ഞപ്പിത്തം പടരുന്നണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് കടകളിൽ പ്രത്യേക പരിശോധന നടത്തിയത്. റംസാൻ വൃതം ആരംഭിച്ചതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ ആരംഭിച്ചിട്ടുണ്ട്.
ഉപ്പിലിട്ട പഴവർഗങ്ങൾ, കുലുക്കി സർബത്ത്, ദംഡോസ, മസാല സോഡ, എരിവും പുളിയും മറ്റു മസാലക്കൂട്ടുകളും ചേർത്തുള്ള പാനീയങ്ങൾ എന്നിവ വിൽപന നടത്തുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടത്തി.
വെള്ളം കുടിച്ചതിനു ശേഷം ഗ്ലാസുകൾ കഴുകുന്ന രീതിയും ആരോഗ്യവകുപ്പ് പരിശോധിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന കടകൾക്ക് നോട്ടീസ് നൽകി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ പഞ്ചായത്ത് രാജ് ആക്ട്, കെപിഎച്ച് ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കും.
ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, ജെഎച്ച്ഐമാരായ ഗിരീഷ് കുമാർ, ഇ. നീതു, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.