മലയോര മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു; ഉറക്കം നടിച്ച് പോലീസ്
1530726
Friday, March 7, 2025 5:17 AM IST
മുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ലക്ഷങ്ങളുടെ ലഹരി വിൽപന നടക്കുന്നത്. മദ്യവും കഞ്ചാവുമെല്ലാം നേരത്തെ തന്നെ സുലഭമായി ലഭിച്ചിരുന്നങ്കിൽ ഇപ്പോൾ ന്യൂ ജെൻ മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളുമൊക്കെയാണ് വിൽപന നടക്കുന്നത്. പ്രധാനമായും മലയോര മേഖലയിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പ്രവർത്തനം. പെൺകുട്ടികളെ ഉൾപ്പെടെ വിൽപ്പനക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇത്തരത്തിലുള്ള വിൽപ്പനയുടെ വിവരങ്ങൾ കൃത്യമായി ധരിപ്പിച്ചിട്ടും മുക്കം പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നും പരാതിയുണ്ട്. ഈ അടുത്ത് മുക്കം ടൗണിൽ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് നിന്ന് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയത് കുന്നമംഗലത്തുനിന്ന് എത്തിയ എക്സൈസ് സംഘമായിരുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ന്യൂജൻ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമാണ്.
നിരവധി തവണ മുക്കം പോലീസിനും എക്സൈസ് വകുപ്പിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പന്നിക്കോട് ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ നോക്കി നിൽക്കേ സ്കൂളിന് തൊട്ടടുത്തുനിന്ന് വിദേശമദ്യ വിൽപ്പനയും തകൃതിയാണ്. വിവരം കൃത്യമായി അറിയുന്ന പോലീസ് പക്ഷേ അനങ്ങാപാറ നയം തുടരുകയാണ്.
ഇവിടെ രാവിലെ 6.30 ഓടെ തുടങ്ങുന്ന മദ്യ വിൽപന രാത്രി വൈകിയും തുടരുന്നുണ്ട്. നേരത്തെ തന്നെ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമായ മുക്കം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. കെ.പി. അഭിലാഷ് സ്റ്റേഷൻ ഓഫീസറായ സമയത്താണ് വലിയ രീതിയിൽ ലഹരി വേട്ട നടന്നിരുന്നത്. എന്നാൽ, അഭിലാഷ് സ്ഥലം മാറിപ്പോയതതോടെ പിന്നീട് വന്ന ഓഫീസർമാരാരും ഇത്തരം പ്രവർത്തനങ്ങൾക്ക് കാര്യമായി മുൻകൈ എടുത്തിരുന്നില്ല.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയോരത്ത് ചില സ്ഥലങ്ങളിൽ വലിയതോതിൽ ലഹരി വിൽപന നടക്കുന്നതായി പരാതി ഉണ്ടെങ്കിലും നൈറ്റ് പട്രോളിംഗിന്റെ ഭാഗമായി എത്തുന്ന പോലീസ് ഉച്ചത്തിൽ സൈറൺ മുഴക്കി വരുന്നതിനാൽ വിൽപ്പനക്കാരും വാങ്ങാനെത്തുന്നവരും മാറി നിൽക്കാറാണ് പതിവെന്നും നാട്ടുകാർ പറയുന്നു.
ദൂരസ്ഥലങ്ങളിൽ നിന്നു പോലും ലഹരി ഉത്പന്നങ്ങൾ വാങ്ങാനായി നിരവധി പേരാണ് മലയോര മേഖലയിലെ വിവിധ കേന്ദ്രങ്ങളിലെത്തുന്നത്. കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഇതിന്റെ കണ്ണികളായി മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന നിസംഗതക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.