ഷഹബാസ് വധം; താമരശേരി പഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു
1530719
Friday, March 7, 2025 4:50 AM IST
താമരശേരി: പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു ചേർത്തു. താമരശേരി പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഹൈസ്കൂൾ പ്രധാന അധ്യാപകർ,
പിടിഎ പ്രസിഡന്റുമാർ, സമാന്തര വിദ്യാഭ്യാസ സ്ഥാപങ്ങളുടെ തലവന്മാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, യുവജന വിദ്യാർഥി സംഘടന നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വിവിധ മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി പഞ്ചായത്തുതല ജാഗ്രത സമിതി രൂപീകരിച്ചു.
വാർഡ് തലത്തിൽ ജാഗ്രത സമിതി രൂപീകരിക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണം നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ മുൻ എംഎൽഎ വി.എം. ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, വൈസ് പ്രസിഡന്റ് സൗദ ബീവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ ജോസഫ് മാത്യു, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മഞ്ജിത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.പി. ഗഫൂർ, ടി.കെ. അരവിന്ദാക്ഷൻ, നവാസ്, ഉല്ലാസ്, ജോൺസൺ ചക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.