ലഹരിക്കെതിരേ ഇന്ന് സ്നേഹത്തോണുമായി ഐഎച്ച്ആര്‍ഡി
1530718
Friday, March 7, 2025 4:50 AM IST
കോഴിക്കോട്: യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനകള്‍ക്കും ലഹരി ഉപഭോഗത്തിനുമെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിന് പ്രമുഖ സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി ഇന്ന് സ്നേഹത്തോണ്‍ സംഘടിപ്പിക്കുന്നു. ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള 88 സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ നഗര കേന്ദ്രങ്ങളില്‍ രാവിലെ 7.30നാണ് ലഹരി വ്യാപനത്തിനെതിരെ സ്നേഹത്തോണ്‍ ഒരുക്കിയിട്ടുള്ളത്.
മന്ത്രിമാരടക്കം സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ ഇതില്‍ പങ്കാളികളാകും. അതിനുശേഷം ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്നേഹമതില് തീര്‍ക്കും. തുടര്‍ന്നുള്ള സ്നേഹ സംഗമത്തില്‍ സാംസ്കാരിക നായകരടക്കമുള്ള പ്രമുഖര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
പൊതു വിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസരംഗത്തും ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനത മയക്കുമരുന്നിനടിപ്പെടുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കാമ്പയിന്.
സ്കൂള്‍ തലം മുതല്‍ പോലും പെണ്‍കുട്ടികള്‍ വരെ ലഹരി മാഫിയയുടെ പിടിയിലാകുന്നു എന്ന വസ്തുത ഭീതിജനകമാണ്. ഈ അവസരത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം കാമ്പയിനു തുടക്കം കുറിക്കുന്നത്.