ബീച്ച് ആശുപത്രി പരിസരം ലഹരിയുടെ താവളം
1530717
Friday, March 7, 2025 4:50 AM IST
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ബീച്ച് ആശുപത്രിയും പരിസരങ്ങളും ലഹരി ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും താവളമാവുകയാണെന്ന ആക്ഷേപത്തിൽ സത്വരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മയക്കുമരുന്ന് ഉപയോഗം യുവതലമുറയുടെ ഭാവി കാർന്നു തിന്നുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിയും ഡപ്യൂട്ടി എക്സൈസ് കമ്മീഷണറും അടിയന്തര ഇടപെടലും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സ്വീകരിക്കുന്ന നടപടികൾ ഇരുവരും ഒരാഴ്ച്ചക്കകം കമ്മീഷനിൽ രേഖാമൂലം സമർപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ബീച്ച് ആശുപത്രി വളപ്പിലെ ലഹരിവിമോചന കേന്ദ്രം ലഹരി വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും സുരക്ഷിത കേന്ദ്രങ്ങളാണെന്ന് പരാതിയുണ്ട്. ലഹരി വിമോചന കേന്ദ്രത്തിന്റെ പിന്നിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകൾ കാണാമെന്ന് നാട്ടുകാർ പറയുന്നു. ലഹരിമോചന ചികിത്സയിലുള്ളവരും ലഹരിവിൽപനക്കാരും തമ്മിലുള്ള കൈയ്യാങ്കളി ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വത്തിന് പോലും വെല്ലുവിളിക്കുന്നു. ലഹരിവിമോചന കേന്ദ്രം നാട്ടുകാർക്ക് ബാധ്യതയായി തീർന്നതായും പരാതിയുണ്ട്.
ഇഎൻടി, കുട്ടികളുടെ ചികിത്സാ വിഭാഗം എന്നിവ പ്രവർത്തിക്കുന്നത് ലഹരി വിമോചന കേന്ദ്രത്തിന് സമീപമാണ്. വിമോചന കേന്ദ്രം ഇവിടെ നിന്നും മാറ്റാൻ ജില്ലാ കളക്ടർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കോഴിക്കോട് നഗരത്തിൽ യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരി ഉപയോഗം വർധിക്കുന്ന പ്രവണത ഞെട്ടിക്കുന്നതാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
മയക്കുമരുന്നുകളുടെ ലഭ്യത, സമ്മർദം, സമൂഹമാധ്യമ സ്വാധീനം, ബോധവത്കരണക്കുറവ് എന്നിവ മയക്കുമരുന്നിന്റെ വ്യാപനത്തിന് കാരണമാകുന്നതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.