കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരിവേട്ട: യുവതിയടക്കം മൂന്നുപേര്‍ പോലീസിന്റെ പിടിയില്‍
1530716
Friday, March 7, 2025 4:50 AM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും പോലീസിന്റെ എംഡിഎംഎ വേട്ട. വില്പനക്കായി കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ടിടങ്ങളില്‍ നിന്നായി യുവതി അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.
അരക്കിണര്‍ സ്വദേശി ചാക്കിരിക്കാട് പറമ്പ് കെ.പി. ഹൗസില്‍ കെ.പി.മുനാഫിസ് (29), തൃശൂര്‍ സ്വദേശി ചേലക്കര അന്ത്രോട്ടില്‍ ഹൗസില്‍ എ.കെ.ധനൂപ് (26), ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യില്‍ ഹൗസില്‍ അതുല്യ റോബിന് (24) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ലീല, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നു പിടികൂടിയത്. രണ്ടിടങ്ങളില്‍ നിന്നായി 50.950 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മാവൂര്‍റോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡില്‍ നിന്ന് 14.950 ഗ്രാം എംഡിഎംഎയുമായാണ് മുനാഫിസ് പിടിയിലായത്. എം ടെക് വിദ്യാര്‍ഥിയും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയുമാണ് ഇയാൾ. എംഡിഎംഎ ബംഗളൂരുവിലും ഹാഷിഷുമായി പിടികൂടിയതിന് ദുബൈയിലും മുനാഫിസിനെതിരേ കേസുകളുണ്ട്.
നാലര വര്‍ഷം ദുബൈ ജയിലിലും എട്ടു മാസം ബംഗളൂരു ജയിലിലും ഉണ്ടായിരുന്നു. ബംഗളൂരുവില്‍ എത്തുന്ന യുവതി -യുവാക്കള്‍ക്ക് ലഹരി എത്തിച്ച് കൊടുക്കുന്ന രീതിയും ഉണ്ട്. ടോണി എന്ന പേരിലാണ് ഇയാള്‍ ബംഗളൂരുവിലെ ലഹരി കച്ചവടക്കാര്‍ക്കിടയില്‍ അറിയപെടുന്നത്. ഏഴു ഭാഷ സംസാരിക്കുന്ന മുനാഫിസ് ഏത് നാട്ടുകാരന് എന്നു വ്യക്തമാക്കാതെ ബംഗളൂരുവില്‍ താമസിച്ച് ലഹരി കച്ചവടം നടത്തുകയായിരുന്നു.
ധനൂപിനെയും അതുല്യയെയും കോഴിക്കോട് അരയടത്തുപാലം ഭാഗത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നാണ് 36 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ എംഡിഎംഎ കൊണ്ടു വന്നത്. മുമ്പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് കടത്തിയതായി പോലീസിനു സൂചന ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിയതിലാണ് രണ്ടു പേരും ലോഡ്ജില്‍ നിന്ന് പിടിയിലായത്. ബംഗളൂരുവില്‍ വച്ച് കഞ്ചാവുമായി പിടികൂടിയതിന് ധനൂപിനെതിരേ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ജയില്‍ നിന്നും ഇറങ്ങിയത്.
പിടിയിലായ മൂന്നു പേരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ഇവരുടെ കൂട്ടാളികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുെമന്നും നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ കെ.എ. ബോസ് പറഞ്ഞു.