ചോദ്യപേപ്പര്‍ ചോര്‍ച്ചക്കു പിന്നില്‍ വന്‍ സ്രാവുകളും: കെഎസ്യു
1530279
Thursday, March 6, 2025 5:32 AM IST
കോഴിക്കോട്: പത്താംക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പിന്നില്‍ പ്യൂണ്‍ മാത്രമല്ലെന്നും വമ്പന്‍ സ്രാവുകളുണ്ടെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. പ്രമുഖ ട്യൂഷന് സെന്ററുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും പ്രതിയായ എംഎസ് സൊല്യൂഷന്‍സ് മേധാവി ഷുഹൈബിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റു ചെയ്യണമെന്നും സൂരജ് ആവശ്യപ്പെട്ടു.
ചോദ്യ പേപ്പര്‍ ചോര്‍ന്ന കാര്യം കെഎസ്യുവാണ് പുറത്ത് വിട്ടത്. ഡിഡിഇക്ക് നല്കിയ പരാതിയില്‍ അന്ന് പ്രമുഖ സ്ഥാപനത്തിനെതിരേയും പരാതിയുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ അവരുടെ പേര് മാത്രം വെട്ടി. അന്വേഷണം ഒതുക്കിയത് ഭയന്നിട്ടാണോ അവരുമായുള്ള ബന്ധം തകരുമെന്നതിനാലാണോയെന്നു വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കണം.
സ്വകാര്യ ട്യൂഷന് സെന്ററുകളില്‍ ക്ലാസ് എടുക്കുന്ന എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരെ കണ്ടെത്താന്‍ മിന്നല്‍ പരിശോധന നടത്തണം. അത്തരക്കാരെ പുറത്താക്കണം. എല്ലാ പരീക്ഷകള്‍ക്കും എസ്എസ്എല്‍സി പരീക്ഷക്ക് സമാനമായ പ്രോട്ടോകോള്‍ നടപ്പിലാക്കണം.
എസ്എസ്കെയെ പരീക്ഷ ചുമതലയില്‍ നിന്നും ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് പരീക്ഷ നടത്തിപ്പിന്റെ ചുമതല വഹിക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു. എസ്എസ്എയിലെ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ ട്യൂഷന് സെന്ററുകളുമായി ബന്ധമുള്ളവരാണ്. ഇതിനെ കുറിച്ചും അന്വേഷിക്കണമെന്നും വി.ടി സൂരജ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ അര്ജുന് പൂനത്തില്‍, എം.വി രാഗിന് എന്നിവരും പങ്കെടുത്തു.
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച് മാനാഞ്ചിറ ഡിഡിഇ ഓഫീസിനു മുന്പില് കെഎസ് യു റീത്ത് സമര്‍പ്പിച്ചു.കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്ജുന് കറ്റയാട്ട്, അര്ജുന് പൂനത്ത്, എ.കെ. ജാനിബ്, എം.പി രാഗിന്, മുആദ് നരിനട, തനുദേവ് കൂടാംപൊയില്‍, ആദില്‍ മുണ്ടിയത്ത്, വി.കെ.അയിഷ നേതൃത്വം നല്കി.